Tourism

Tourism

Tourist centres, facilities for communication, various zones of enjoyments, tour packages etc.

ടൂറിസ്റ്റ്‌കേന്ദ്രഗ്ഗളും, താമസസൗകര്യഗ്ഗളും, വിവിധവിനോദമേഖലകളും,പാറ്റേജുകളുംസ്ലസ്ല..

ടൂറിസം

വിനോദസഞ്ചാരികള്ക്കു പ്രിയങ്കരമായ “ദൈവത്തിന്റെ സ്വന്തം നാടാ”ണ് (God's Own Country) കേരളം. മലയോരങ്ങളും കടലോരങ്ങളും വനസ്ഥലികളും തീര്ത്ഥാടന കേന്ദ്രങ്ങളുമായി സഞ്ചാരികള്ക്കു പ്രിയങ്കരമായ ഒട്ടേറെ സ്ഥലങ്ങള് കേരളത്തിലുടനീളമുണ്ട്. സ്വദേശികളും വിദേശികളുമായ സഞ്ചാരികള് ഇവിടങ്ങളിലേക്കു പ്രവഹിക്കുന്നു. മൂന്നാര്, നെല്ലിയാമ്പതി, പൊന്മുടി തുടങ്ങിയ മലയോര കേന്ദ്രങ്ങളും കോവളം, വര്ക്കല, ചെറായി ബീച്ചുകളും, പെരിയാര്, ഇരവികുളം വന്യജീവി കേന്ദ്രങ്ങളും, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കായല് മേഖലയും (backwaters region)വിനോദസഞ്ചാരികളുടെ ആകര്ഷണ കേന്ദ്രങ്ങളാണ്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലും വിനോദസഞ്ചാരം നിര്ണായകമായ പങ്കു വഹിക്കുന്നു. ഇന്ത്യന് വൈദ്യ സമ്പ്രദായമായ ആയുര്വേദവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരവും സുപ്രധാനമാണ്.
വൈവിധ്യമാര്ന്നതും നിറപ്പകിട്ടാര്ന്നതുമായ പ്രകൃതിയും സംസ്കൃതിയും ഒരുപോലെ കൈമുതലായുള്ള ഒരിടമാണ് കേരളം. വിനോദസഞ്ചാരവികസനത്തിന് അവശ്യം വേണ്ട മറ്റു മുഖ്യ ഘടകങ്ങളുടെ കാര്യത്തിലും കേരളം ഏറെ സമ്പന്നമാണ്. വിദ്യാഭ്യാസ നേട്ടങ്ങളും മെച്ചപ്പെട്ട ആരോഗ്യസംവിധാനവും അതിനുദാഹരണങ്ങളാണ്. വാര്ത്താവിനിമയസൗകര്യങ്ങള്, വൈദ്യസഹായലഭ്യത, ശുചിത്വം, ഗതാഗതസൗകര്യം, സര്ക്കാരിന്റെ അനുകൂലസമീപനം, ഭദ്രമായ ക്രമസമാധാനനില, എന്നിങ്ങനെ പിന്നെയും പല ഘടകങ്ങള് കേരളത്തെ ടൂറിസം വ്യവസായത്തിന് അനുയോജ്യമായ ഒരിടമാക്കുന്നുണ്ട്. പ്രകൃതി വിഭവങ്ങളില് പ്രമുഖം പ്രശാന്തസുന്ദരമായ സമുദ്രതീരങ്ങള്തന്നെ. ഗ്രാമജീവിതത്തിന്റെ കരക്കാഴ്ചകളൊരുക്കി നില്ക്കുന്ന കായല്ക്കെട്ടുകള്, ചന്ദനാദി സുഗന്ധവിഭവങ്ങളും ജന്തു-സസ്യവൈവിധ്യങ്ങളുമായി ഹരിതകാന്തിയാര്ന്നു നില്ക്കുന്ന കാനനങ്ങളും പര്വതഭൂഭാഗങ്ങളും, മഞ്ഞു മേയുന്ന താഴ്വാരദേശങ്ങള് എന്നിങ്ങനെ കേരളത്തിന്റെ പ്രകൃതിമനോഹാരിത ഭിന്നഭാവങ്ങളാര്ന്നു നില്ക്കുന്നു. സംസ്കാരവിശേഷങ്ങളില് സമുന്നത സ്ഥാനം കലകള്ക്കുതന്നെ. ഐക്യരാഷ്ട്രസംഘടനപോലും ലോകത്തിലെ സംരക്ഷിച്ചു നിലനിര്ത്തേണ്ടുന്ന പാരമ്പര്യകലകളുടെ കൂട്ടത്തില് ഉള്പ്പെടുത്തിയിട്ടുള്ള കൂടിയാട്ടം, ഇന്ത്യന് കലാരൂപങ്ങളില് വിദേശരാജ്യക്കാരുടെ പ്രശംസ ഏറെ പിടിച്ചുപറ്റിയിട്ടുള്ളവയില് ഒന്നാം സ്ഥാനത്തു നില്ക്കുന്ന കഥകളി, ആഗോളതലത്തില്ത്തന്നെ മൗലികത കൊണ്ട് ശ്രദ്ധേയമായിക്കഴിഞ്ഞ കളരിപ്പയറ്റ് എന്ന ആയോധനകല, ജലോത്സവങ്ങളുടെ ലോകമാതൃകകളില് ഏറ്റവും വിസ്മയകരമായ ഒന്നായി വാഴ്ത്തപ്പെട്ടിട്ടുള്ള ചുണ്ടന്വള്ളങ്ങളണിനിരക്കുന്ന വള്ളംകളി, എന്നിവ കേരളത്തിന്റെ ടൂറിസം സാധ്യതകള് വര്ധിപ്പിക്കുന്ന തനതായ കലാവിഭവങ്ങളില് ചിലതുമാത്രമാണ്. കേരളീയ സംസ്കൃതിയുടെ മറ്റൊരു സവിശേഷത വര്ണാഭമായ ഉത്സവാഘോഷങ്ങളാണ്. ഏതെങ്കിലുമൊരു ഉത്സവമോ ആഘോഷമോ അനുഷ്ഠാനമോ ഇല്ലാത്ത ഒരു മാസംപോലുമില്ല കേരളത്തില്. ലോകസഞ്ചാരത്തിന്റെ ആദ്യകാല ചരിത്രത്തിന്റെപോലും സ്മാരകങ്ങളും പൗരാണിക സ്മരണകളുണര്ത്തുന്ന ഭൂഭാഗങ്ങളുമാണ് കേരളത്തെ സര്വലക്ഷണങ്ങളുമൊത്ത സഞ്ചാര ലക്ഷ്യമാക്കുന്ന മറ്റൊരു ഘടകം.
കേരളത്തിന്റെ ചരിത്രം തന്നെ വിശ്വസഞ്ചാര ചരിത്രവുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. വിഖ്യാതരായ ലോകസഞ്ചാരികള് പലരുടെയും കുറിപ്പുകളില് പ്രാചീനകാലം മുതല്തന്നെ കേരളം സ്ഥാനം പിടിച്ചിട്ടുണ്ട്. മെഗസ്തനീസി(ഗ്രീസ്)ന്റെയും ടോളമി(ഗ്രീസ്)യുടെയും പ്ലിനി(ഇറ്റലി)യുടെയും മഹ്വാന്റെ(ചീന)യുമെല്ലാം ദേശവിവരണക്കുറിപ്പുകളില് പ്രാചീനകേരളപരാമര്ശങ്ങളുള്ളതായി ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടല്ലോ. എ.ഡി. നാലാം നൂറ്റാണ്ടു മുതലുള്ള കേരളചിത്രങ്ങള് അത്തരം യാത്രാക്കുറിപ്പുകളില് നിന്നു ലഭ്യമാണ്. ആധ്യാത്മികാചാര്യനായ തോമാശ്ലീഹയുടെ പാദസ്പര്ശമേറ്റ ഇടങ്ങളിലൊന്നായി കേരളം പണ്ടുകാലംമുതലേ അറിയപ്പെട്ടിരുന്നു. സുഗന്ധ വ്യഞ്ജനാദികളടക്കമുള്ള കേരളത്തിന്റെ ജൈവവൈവിധ്യങ്ങള് പണ്ടുകാലം മുതല് പ്രമുഖ രാജ്യങ്ങളെ ഇവിടേക്ക് ആനയിച്ചിരുന്നു. ആദ്യകാലത്ത് വാണിഭോദ്ദേശ്യത്തോടെ. കേരളം സന്ദര്ശിച്ചവരില് ചീനാക്കാരനായ വാങ്താ യ്വാന്, അറബിദേശക്കാരനായ, സുലൈമാന്, യവനരാജ്യക്കാരനായ അല് മസൂദി എന്നിവരാണ് പ്രമുഖര്. ആഗോളസഞ്ചാരചരിത്രത്തിലെ സുപ്രധാനവ്യക്തികളിലൊരാളായ ഇബനുബത്തൂത്ത (മൊറോക്കോ) ആറു തവണ കോഴിക്കോട് സന്ദര്ശിച്ചിട്ടുണ്ടെന്നാണ് സൂചന. 13-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി മാര്ക്കോപോളോ(വെനീസ്)യും കേരളത്തിലെത്തി. അദ്ദേഹത്തിന്റെ ഏഴിമലവര്ണന അതിമനോഹരമാണ്. ചൈനയിലെ ജോണ് ഒഫ് മോണ്ടി കോര്വിനോ, വോര്ഡിനോണിലെ ഫ്രിയാര് ഒദോറിക്, ഇറ്റലിയിലെ നിക്കോളോകോണ്ടി, പേര്ഷ്യയിലെ അബ്ദുല് റസാക്ക്, റഷ്യയിലെ അത്തനേഷ്യസ്, പോര്ട്ടുഗലിലെ ഡി കോവില് ഹാം, ഇറ്റലിയിലെ ബാര്ബോസ, വെനീസിലെ സീസര് ഫ്രെഡറിക്, ഫ്രാന്സിലെ പിറ്രഡ് ഡി ലാവല്, റോമിലെ പീട്രോ ഡെല്ലാ എന്നിങ്ങനെ ഒട്ടനവധി പേര് കേരളത്തിന്റെ ആദ്യകാല അതിഥികളായിരുന്നു. മറ്റ് ആദ്യകാല സഞ്ചാരികളില് പ്രമുഖര് ചൈനാക്കാരായ ഫാഹിയാന്, ഹുയാങ്സാങ്, ഇ-റ്റ്സിങ്, ചൗ-ജൂ-ക്വാ ഫെയ്സിന്, ഈജിപ്തുകാരനായ കാസ്മോസ്, അറബി നാട്ടുകാരനായ ഇബനു ഖുര്റാദാദ്ബെ, ശൈഖ് സൈനുദ്ദീന്, പേര്ഷ്യാക്കാരനായ അബു സെയ്ദ് എന്നിവരാണ്. റഷ്യയില് നിന്നുമെത്തിയ അല്ബറൂനി അഫ്നാസി നികിതിന്, മിഷനറിമാരായ ജോര്ഡാനൂസ്, ജോണ് ഡി മാറിനെല്ലി എന്നിവരുടെ കുറിപ്പുകളും കേരളത്തിന്റെ ആദ്യകാല സഞ്ചാരചരിത്രത്തില് പ്രാധാന്യമര്ഹിക്കുന്നവയാണ്. കൂടാതെ കേരളത്തിന്റെ ആദ്യകാല സഞ്ചാരചരിത്രത്തില് പരാമര്ശയോഗ്യമായ യാത്രികര് ഇവരാണ്: അല് ഇദ്രീസി (ആഫ്രിക്ക), റബ്ബിബിന് ജമിന് (യൂറോപ്പ്), അബുല്ഫിദ (ദമാസൂസ്), കമ്പ്രാള് (പോര്ട്ടുഗീസ്), വര്ത്തേമ (ഇറ്റലി), സ്റ്റെഫാനോ (ജനോവ), ഫെറിയ ബൈസൂസ (പോര്ത്തുഗീസ്). എ.ഡി. 1498-ല് പോര്ട്ടുഗീസുകാരനായ വാസ്കോഡഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട് തുറമുഖത്ത് കപ്പലിറങ്ങിയതോടെ വിശ്വഭൂപടത്തില് കേരളം ശ്രദ്ധേയമായൊരു സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. കച്ചവടക്കാരായും മതപ്രചാരകരായും രാഷ്ട്രീയാധിനിവേശക്കാരായും വിദേശികള് വന്നുകൊണ്ടിരുന്ന ഒടരിടമാണ് പ്രാചീനകേരളമെന്നു ചുരുക്കിപ്പറയാം.
കേരളത്തിന്റെ ആദ്യകാല വിനോദസഞ്ചാര ചരിത്രത്തില് മാമാങ്കം തുടങ്ങിയ മഹോത്സവങ്ങള്ക്കുള്ള പങ്ക് വളരെ വലുതാണ്. ആലുവ ശിവരാത്രി, ആറന്മുള വള്ളംകളി, തൃശൂര് പൂരം, ശബരിമല ഉത്സവം തുടങ്ങിയ ഉത്സവാഘോഷങ്ങളും ആഭ്യന്തര ടൂറിസത്തിലെ ആദ്യകാലചരിത്രത്തില് സവിശേഷ പരാമര്ശമര്ഹിക്കുന്നവയാണ്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ട്, മുറജപം, ലക്ഷദീപം തുടങ്ങിയവ കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനങ്ങളെ ഒരിടത്തേക്ക് ആനയിക്കുന്ന ആചാരവിശേഷങ്ങളായിരുന്നു. കേരളത്തിലെ മഹാരാജാക്കന്മാര് തൃക്കാക്കരച്ചെന്ന് മഹാബലിയെ വന്ദിച്ചിരുന്നതിന്റെ ഓര്മയാണ് ഓണം എന്ന ഐതിഹ്യം. ഓണാഘോഷത്തെയും ഒരു സന്ദര്ശനോത്സവമായി വിശേഷിപ്പിക്കുന്നുണ്ട്. അത്തച്ചമയത്തിനും അതിനനുബന്ധമായുള്ള ഘോഷയാത്രയ്ക്കും നമ്മുടെ സഞ്ചാരചരിത്രത്തില് പണ്ടുമുതല്തന്നെ വലിയ സ്ഥാനമാണുള്ളത്. ഉത്തരകേരളത്തിലെ പൂരാഘോഷങ്ങളും പെരുങ്കളിയാട്ടങ്ങളും നാനാജാതിമതസ്ഥരുടെ സംഗമവേദികള് കൂടെയായിരുന്നു. ആദ്യകാലത്ത് ദേശാതിര്ത്തികള് കടന്നും പ്രചാരം നേടിയ ക്ഷേത്രോത്സവങ്ങളില് ചിലതാണ് ഏറ്റുമാനൂരമ്പലത്തിലെ ഏഴരപ്പൊന്നാനയും വൈയ്ക്കത്തഷ്ടമിയും കൊട്ടിയൂരുത്സവവും ഓച്ചിറക്കളിയും ചെങ്ങന്നൂര് തിരുപ്പൂത്തും കൊടുങ്ങല്ലൂര് ഭരണിയും കടമ്മനിട്ട പടയണിയും ഗുരുവായൂര് ഉത്സവവും ആനയോട്ടവുമെല്ലാം.
കേരളത്തിനകത്തുള്ളവര് സമുദ്രതീരങ്ങളെയും മലനിരകളെയും വിശ്രമവിനോദസങ്കേതങ്ങളായല്ല, ഉപജീവനത്തിനും സവിശേഷ ആചാരാനുഷ്ഠാനങ്ങള്ക്കുമായുള്ള ഇടങ്ങളായാണ് കണ്ടിരുന്നത്. തീരങ്ങള് മിക്കവയും മത്സ്യബന്ധനകേന്ദ്രങ്ങളും കയറുത്പാദനകേന്ദ്രങ്ങളും തുറമുഖങ്ങളും ആയിരുന്നു. തിരുവനന്തപുരത്തെ ശംഖുംമുഖം കടല്പ്പുറം ആറാട്ടുത്സവവേദിയെന്ന നിലയില് അക്കൂട്ടത്തില് വേറിട്ടുനിന്നു. കൊല്ലത്തെ തിരുമുല്ലവാരം കടല്പ്പുറവും തിരുവനന്തപുരത്തെ ഇന്നത്തെ കോവളം കടല്പ്പുറവും വര്ക്കല പാപനാശം കടല്പ്പുറവുമാണ് ആചാരബദ്ധമായ മറ്റു പ്രാചീന കേരള സമുദ്രതീരങ്ങള്. കര്ക്കിടകവാവിന് പിതൃക്കള്ക്ക് ബലിയര്പ്പിക്കുന്ന സവിശേഷമായ ആചാരത്തിന്റെ മുഖ്യവേദിയായിരുന്നു ഇന്നത്തെ കോവളം കടല്പ്പുറം. പണ്ടുകാലത്ത് അതിന്റെ പേര് വാവ് നടത്തുന്ന തീരം എന്ന അര്ഥത്തില് വാവാടുംതുറ എന്നായിരുന്നു. പിന്നീട് അത് ആവാടുംതുറയായി. മലയോരങ്ങള് ആചാരഭൂമികകളായിരുന്നു എന്നതിന് ഉദാഹരണങ്ങളാണ് ശബരിമലയും തിരുനെല്ലിയും. പിന്നീട് മലയാറ്റൂര് തുടങ്ങിയ സ്ഥലങ്ങളും അത്തരത്തില് സന്ദര്ശനകേന്ദ്രങ്ങളായി. ആസൂത്രിതമായ വിശ്രമവിനോദസങ്കേതങ്ങളായി കേരളത്തിലെ തീരങ്ങളും മലയോരങ്ങളും മാറിയതില് രാജവാഴ്ചയ്ക്കെന്നപോലെ കോളനിവാഴ്ചയ്ക്കും പങ്കുണ്ട്. മൂന്നാര്, തേക്കടി, കോവളം എന്നിവിടങ്ങളിലെ വേനല്ക്കാലവസതികള് ഇതിനുദാഹരണങ്ങളാണ്.
പ്രകൃതിദത്തമായ സൗഭാഗ്യങ്ങളെ ആശ്രയിച്ചെന്നപോലെതന്നെ പുതിയതരം സന്ദര്ശന കേന്ദ്രങ്ങള് സൃഷ്ടിക്കുന്നതിലും കേരളത്തിലെ പല രാജാക്കന്മാരും ശ്രദ്ധാലുക്കളായിരുന്നു. ഇക്കാര്യത്തില് തിരുവിതാംകൂര് രാജാവായ സ്വാതിതിരുനാളിന്റെ നാമധേയം ഏറെ പ്രാധാന്യമര്ഹിക്കുന്നു. 1836-ല് സ്ഥാപിക്കപ്പെട്ട തിരുവനന്തപുരത്തെ നക്ഷത്രബംഗ്ലാവ് അദ്ദേഹത്തിന്റെ സംഭാവനയാണ്. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് (1860-80) സ്ഥാപിക്കപ്പെട്ട തിരുവനന്തപുരത്തെ കാഴ്ചബംഗ്ലാവും മൃഗശാലയും ഇന്നും കേരളതലസ്ഥാനത്തെ മുഖ്യ ടൂറിസ്റ്റ് ആകര്ഷണങ്ങളാണ്. കൊച്ചി രാജ്യത്തില് 1885-ലാണ് മൃഗശാലയും കാഴ്ച ബംഗ്ലാവും സ്ഥാപിച്ചത്. തൃശൂരാണ് അവ സ്ഥാപിതമായത്. 1935-ല് ശ്രീചിത്തിരതിരുനാളിന്റെ കാലത്ത് തിരുവനന്തപുരത്തു നിലവില് വന്ന ശ്രീചിത്രാ ആര്ട് ഗ്യാലറി ഈ രംഗത്തെ മറ്റൊരു മഹത്തായ സ്ഥാപനമാണ്.
അതിഥികളെ സത്ക്കരിക്കുന്നതിനായി തിരുവിതാംകൂര് ഗവണ്മെന്റ് 'സ്റ്റേറ്റ് ഗസ്റ്റ് ഡിപ്പാര്ട്ടുമെന്റ്' സ്ഥാപിച്ചതോടെയാണ് സര്ക്കാര് തലത്തിലുള്ള ടൂറിസം പ്രവര്ത്തനങ്ങള്ക്ക് കേരളത്തില് തുടക്കം കുറിക്കപ്പെട്ടത്. തിരുവിതാംകൂറിലെത്തുന്ന വിശിഷ്ടാതിഥികള്ക്കുവേണ്ട ആതിഥ്യസൗകര്യങ്ങള് ഒരുക്കിക്കൊടുക്കുക എന്നതായിരുന്നു പ്രസ്തുത വകുപ്പിന്റെ ചുമതല. അതിന്റെ തുടര്ച്ചയാണ് ഇന്നത്തെ കേരളസംസ്ഥാന ടൂറിസം വകുപ്പ്.
ആദ്യകാലത്ത് അനുകൂലഘടകങ്ങളെന്നപോലെതന്നെ ഒട്ടനവധി പ്രതികൂല ഘടകങ്ങളും വകുപ്പിനു മുന്നിലുണ്ടായിരുന്നു. വിദേശ ടൂറിസ്റ്റുകള് കേരളസന്ദര്ശകരായല്ല ഭാരതസന്ദര്ശകരായിട്ടാണ് അന്നൊക്കെ വന്നുകൊണ്ടിരുന്നത്. അവരുടെ സന്ദര്ശനങ്ങള് ദല്ഹിയിലും പരിസരപ്രദേശങ്ങളിലും പിന്നീട് കാശ്മീരിലുമായി ഒതുങ്ങിനിന്നു. കേരളത്തിന്റെ ടൂറിസം വികസനത്തിന് അക്കാലത്ത് മുഖ്യ തടസ്സമായി നിന്നത് ഭാരതതലസ്ഥാനത്തുനിന്നുമുള്ള അതിന്റെ അകലമാണ്. വിദേശിക്ക് തന്റെ രാജ്യത്തുനിന്ന് ദല്ഹിയിലെത്തുന്നതിനെക്കാള് ശ്രമകരമായിരുന്നു ദല്ഹിയില് നിന്ന് കേരളത്തിലെത്തുക. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യകാല ടൂറിസം ദല്ഹി-ആഗ്ര-ജയ്പൂര് എന്ന സുവര്ണത്രികോണത്തില് ഒതുങ്ങിനിന്നത്. ഈ പ്രതിസന്ധി മറികടന്നതിനോടൊപ്പം 'ഇന്ത്യ കാണാനല്ല, കേരളം കാണാന് പോകുന്നവര്' എന്നൊരവസ്ഥയിലേക്ക് വിദേശസഞ്ചാരികളെ എത്തിക്കാനുള്ള പ്രവര്ത്തനങ്ങളും സ്തുത്യര്ഹമായി നിര്വഹിക്കുവാന് കേരളത്തിലെ ടൂറിസം വകുപ്പിനു കഴിഞ്ഞു.
ടൂറിസം വികസനത്തില് സംസ്ഥാന സര്ക്കാരിന്റെ പ്രവര്ത്തനങ്ങള്ക്കു തുല്യം തന്നെ പ്രാധാന്യം അര്ഹിക്കുന്ന ഒന്നാണ് കേന്ദ്രസര്ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഐ.ടി.ഡി.സി.യുടെ പ്രവര്ത്തനങ്ങളും. കോവളം, തേക്കടി, കൊച്ചി എന്നിവിടങ്ങളെ വിദേശ ടൂറിസ്റ്റ് ആകര്ഷണങ്ങളാക്കുന്നതില് ഈ സ്ഥാപനം വഹിച്ച പങ്ക് വലുതാണ്.
ടൂറിസം പ്രോത്സാഹനാര്ഥം കേരള സര്ക്കാര് ആദ്യമായി നടത്തിയ ഒരു സംസ്ഥാന-തല സംഘടിത ശ്രമം 1961-ലെ ഓണാഘോഷമാണ്. സംസ്ഥാനത്തെ ദേശീയോത്സവമെന്ന് അറിയപ്പെടുന്ന ഓണം ആഘോഷങ്ങളെ ടൂറിസം വാരാഘോഷമായി മാറ്റാനും അങ്ങനെ ആഭ്യന്തര ടൂറിസം അഭിവൃദ്ധിപ്പെടുത്താനും വിദേശ വിനോദ സഞ്ചാരികളെ ആകര്ഷിക്കാനും നടന്ന ആദ്യ ശ്രമത്തിനു നേതൃത്വം നല്കിയത് സ്പോര്ട്സ്-ടൂറിസ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കേണല് ഗോദവര്മരാജായും (ജി.വി.രാജ) അന്നത്തെ ടൂറിസത്തിന്റെ ചാര്ജ് വഹിച്ചിരുന്ന പൊതുമരാമത്തു വകുപ്പുമന്ത്രി ഡി. ദാമോദരന് പോറ്റിയുമാണ്. തുടര്ന്ന് ഒരു സംസ്ഥാനതല ഓണാഘോഷകമ്മറ്റി ഉണ്ടായി; ജില്ലകളില് ജില്ലാ ഓണാഘോഷക്കമ്മിറ്റികളും. സ്പോര്ട്സ്, നാടന് കലാമേളകള്, നൃത്ത-സംഗീതപരിപാടിയും, വള്ളംകളി, തുടങ്ങിയവ വിവിധകേന്ദ്രങ്ങളില് ജനപങ്കാളിത്തത്തോടെ അന്ന് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. പിന്നീട് ചില വര്ഷങ്ങളില് ഓണാഘോഷം സര്ക്കാര് വേണ്ടെന്നു വച്ചിട്ടുണ്ടെങ്കിലും ആ ആഘോഷം കാലക്രമത്തില് ടൂറിസം വാരാഘോഷമായി വളര്ന്നു വികസിക്കുകതന്നെ ചെയ്തു. വിനോദസഞ്ചാരികളെ ആകര്ഷിക്കുന്ന പ്രധാനപ്പെട്ട ഒരാഘോഷമായി (ജൂലൈ-ഓഗസ്റ്റ്) അതുമാറി.

Get our Free newsletter

You may post your sincere and critical feedback about our website-Kerala Samuhya Padana Vedi.

We never share your information or use it to spam you E-mail : georgejosephthottunkal@gmail.com, Call : (+91) 9497110203