Current Affairs

Current Affairs

Day today events that influence the history, environmental activities, law making in connection with the anti- alcoholic activities, superstitious, amon the people , and people’s feedback on the developmental activities.

കേരളചരിത്രത്തെ സ്വാധീനിക്കുന്ന വർത്തമാനകാലസംഭവങ്ങൾ,പരിസഥിതിസംരക്ഷണപ്രവർത്തനങ്ങള്, നിയമനിര്മ്മാണങ്ങള് ലഹരിവിരുദ്ധപ്രവർത്തനങ്ങൾ, അന്ധവിശ്വാസങ്ങൾ, വികസനപദ്ധതികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും

വേലുതമ്പി പുനർവായന വേണം

ലേഖനം തയ്യാറാക്കിയത്


ഡോ ഡി ബാബു പോള്‍
ദീര്‍ഘവീക്ഷണവും പ്രായോഗിക ബുദ്ധിയുമുള്ള ഭരണാധികാരി. ബ്യൂറോക്രസിയുടെ യാന്ത്രികതയെ ബുദ്ധിയും മനുഷ്യത്വവുംകൊണ്ട് മറികടുന്ന ഐഎഎസ്സുകാരന്‍. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളമായി ഭരണ സാമൂഹിക സാംസ്‌കാരിക ആധ്യാത്മിക മണ്ഡലങ്ങളിലെ അര്‍ത്ഥവത്തായ സാന്നിധ്യമാണ് ഡോ ഡി. ബാബു പോള്‍.
വേലുതമ്പി പുനർവായന വേണം
രംഗനാഥാനന്ദ സ്വാമികള് യേശുക്രിസ്തുവിന്റെ ഭക്തന് ആയിരുന്നു.ശ്രീയേശുവിനെക്കുറിച്ച് ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. അദ്ദേഹം ഒരിക്കല് പറഞ്ഞതു കുരിശില് കഥ കഴിഞ്ഞെങ്കില് ശ്രീയേശു ഭാരതീയമനസ്സിന് കുറെക്കൂടെ സ്വീകാര്യനാകുമായിരുന്നു എന്നാണ്. ഏറ്റവും ഒടുവില് കാണുന്ന മുഖം ആണ് ഓര്മ്മയില് നല്കുന്നത്. അത് ത്യാഗത്തിന്റെയും സഹനത്തിന്റെയും ആയാല് അതാവും പ്രതിച്ഛായ. വിജഗീഷുവായ നൃപനെക്കാള് ത്യാഗധനനായ യതിവര്യനെയാണ് ഭാരതീയര് ഇഷ്ടപ്പെടുക.

വേലുത്തമ്പിയുടെ കാര്യത്തില് സംഭവിച്ചതും ഇതാണ്. ഒടുവില് വിളംബരത്തില് തെളിഞ്ഞുകാണുന്ന ദേശാഭിമാനവും അടിമത്തത്തെക്കാള് അഭികാമ്യം ആത്മഹത്യയാണ് എന്ന ഹരാകിതമതവും തമ്പിയെ ധീരദേശാഭിമാനി ആക്കി. തമ്പിയുട ജീവിതത്തിലെ സ്വാര്ത്ഥതയും ക്രൂരതയും എല്ലാം അങ്ങനെ വിസ്മൃതമായി. ബ്രിട്ടീഷുകാര് തമ്പിയുടെ മൃതദേഹത്തെ അപമാനിച്ചതോടെ അദ്ദേഹത്തിന്റെ നാമകരണ പ്രക്രിയ- കാനനൈസേഷന് പൂര്ത്തിയാവുകയും ചെയ്തു.

തെക്കന് തിരുവിതാംകൂര് - ഇന്നത്തെ കന്യാകുമാരി ജില്ല - അതിന്റെ മൂന്നിരട്ടി വലിപ്പം ഉള്ള ഒരു മഹാരാജ്യത്തിന്റെ ഭാഗം ആയതും നായര്മേധാവിത്വത്തിന് മാര്ത്താണ്ഡവര്മ്മ അതിരുകള് ഇട്ടതും നാഞ്ചനാട്ടിലെ ജന്മിമാരെ അസ്വസ്ഥരാക്കിയതില് അദ്ഭുദം വേണ്ട. വേലുത്തമ്പിയെപ്പോലെ പ്രഗല്ഭനായ ഒരാള്ക്ക് ഉഴുതുമറിക്കാന് പറ്റിയ മറ്റ് ചരിത്രം അങ്ങനെ ഒരുക്കിയ കാലത്താണ് തമ്പിയുടെ വരവ്.

ധര്മ്മരാജാവും കേശവദാസനും പ്രഗല്ഭരായിരുന്നു. രാഷ്ട്രീയമായി അവര് വിജയിക്കുകയും ചെയ്തു. തിരുവിതാംകൂരിന്റെ അതിരുകള് നിര്ണ്ണീതമായി. അവ സുരക്ഷിതമായി. പ്രതിരോധരംഗത്ത് ഇംഗ്ലീഷുകാരുടെ സഹായം ഉറപ്പായി. എന്നാല്, സാമ്പത്തികസ്ഥിതി തീര്ത്തും മോശമായിരുന്നു. കുത്തകവ്യാപാരം കൂടുതല് മേഖലകളിലേക്ക് വ്യാപിപ്പിച്ചതും ഒരു വര്ഷത്തേക്ക് ഏര്പ്പെടുത്തിയ ഭാരിച്ച യുദ്ധനികുതിയും ഈ ക്ലേശം മറികടക്കാന് പോന്നതായിരുന്നില്ല. തച്ചില് മാത്തുതരകനില് നിന്നും മറ്റും വന്തുകകള് കടം വാങ്ങാന് ഭരണകൂടം നിര്ബന്ധിതമായി. ധര്മ്മരാജാവിന്റെ പിന്ഗാമിയുടെ കാലത്തെ സാമ്പത്തിക പ്രശ്നം ഇതിന്റെയൊക്കെ ഫലവും തുടര്ച്ചയും ആയിരുന്നു എന്ന് സര് ടി. മാധവറാവു സൂചിപ്പിച്ചിട്ടുണ്ട്.

ശങ്കരന് നമ്പൂതിരി ഭരണം ഏറ്റെടുത്തപ്പോള് രാജ്യത്തിന്റെ വരുമാനം വര്ദ്ധിപ്പിക്കേണ്ടത് ആവശ്യമായിരുന്നു. ഇടത്തരക്കാരെയും പാവപ്പെട്ടവരെയും ഉപദ്രവിക്കാതെ ധനാഢ്യരില് നിന്ന് പിരിക്കുക എന്നതായിരുന്നു തീരുമാനം. അതിന് കൃത്യമായി ചട്ടങ്ങള് ഉണ്ടാക്കി എന്ന് നാഗമയ്യ രേഖപ്പെടുത്തയിരിക്കുന്നു. ഖജനാവിലേക്ക് പണം അടയ്ക്കാന് കഴിവുള്ളവരുടെ പട്ടിക തയ്യാറാക്കി. ഓരോരുത്തരെയായി വിളിപ്പിച്ചുതുടങ്ങി. രണ്ടാഴ്ചകൊണ്ട് ധാരാളം പണം കിട്ടി. ആവശ്യപ്പെട്ട തുക കെട്ടാന് കഴിയാത്തവരെ ചമ്മട്ടി കൊണ്ടടിച്ചു. വേലുത്തമ്പിക്കും കിട്ടി നോട്ടീസ്. മുവായിരം രൂപ ആയിരുന്നു തമ്പിക്ക് നിശ്ചയിച്ച വിഹിതം. തമ്പി മൂന്ന് ദിവസത്തെ സാവകാശം ചോദിച്ചു. മൂന്നാംനാള് നാഞ്ചനാട്ടുകാരായ അസംഖ്യം ആയുധപാണികളുമായിട്ടാണ് തമ്പി മടങ്ങിവന്നത്.

നമ്പൂതിരിയുടെ വിഭവസമാഹരണ രീതികളില് ക്ഷുഭിതരായ ജനങ്ങള് മൂന്ന് ദിവസംകൊണ്ട് സംഘടിച്ച് തിരുവനന്തപുരത്ത് എത്തി എന്ന ഔദ്യോഗിക ചരിത്രം ചദ്യം ചെയ്യാതെ വയ്യ. രണ്ടു കാരണങ്ങള്. ഒന്ന്, തന്റെ മുന്ഗാമിയോ (രാജാ കേശവദാസന്) പിന്ഗാമിയോ(വേലുതമ്പി) ചെയ്തതിലേറെ ക്രൂരമായി ഒന്നും നമ്പൂതിരി ചെയ്തില്ല. അക്കാലത്തെ ശിക്ഷാരീതികള് അന്നത്തെ സമൂഹത്തെ അത്രയങ്ങ് ഞെട്ടിച്ചിരിക്കാനിടയില്ല. രണ്ട്, തമ്പി നേരത്തേതന്നെ നമ്പൂതിരി ഭരണത്തില് അസ്വസ്ഥനായിരുന്നു എന്ന് വെണ്കുളം പരമേശ്വരന്പിള്ള കൃതിയില് വായിക്കുന്നു. അത് ഇങ്ങനെ. രാജാകേശവദാസന്റെ ബന്ധനവും അപ്രതീക്ഷിതദുര്മ്മരണവും ശ്രവിച്ചപ്പോള് ആ വീരാരാധകന് പ്രക്ഷുബ്ധമാനസനായി, തമ്പൂതിരിക്കെതിരെ പുറപ്പെടണമെന്ന് തെക്കന് തിരുവിതാംകൂറിലെ നായര് പ്രഭുക്കന്മാരുമായി ഒരു ആലോചന നടത്തി. എന്നാല് അത്തരം ഒരു സാഹസകൃത്യത്തിന് ഉദ്യുക്തരാകുവാന് സിംഹാസനത്തോടുള്ള നിസ്സീമഭക്തി അവരെ അനുവദിക്കാത്തതിനാല് ത്മ്പി ഭഗ്നാശനായിത്തീര്ന്നു. ആശാഭംഗവാപിയില് എറിയപ്പെട്ട യുവാവിന്റെ വീര്.യവിജൃംഭണം വൈമനസ്യം കാണിച്ച പല യുവാക്കന്മാരുടെയും ഗണ്ഡസ്ഥലങ്ങളില് പ്രഹരം മുഖേന സംഘട്ടനം ചെയ്തതായി കേള്വിയുണ്ട്.

വേലുത്തമ്പിയുടെ നിലപാടുകള് രൂപപ്പെടുത്തിയതില് പ്രാദേശികവും ജാതീയവും ആയ മുന്വിധികള് പങ്കുവഹിച്ചു എന്നസത്യവും തിരിച്ചറിയണം. മാര്ത്താണ്ഡവര്മ്മ രാജാധികാരം ഉറപ്പിക്കുവന്നതുവരെ ഭരണരംഗത്ത് തെക്കന് തിരുവിതാംകൂരിലെ പ്രഭുക്കന്മാര്ക്കുണ്ടായിരുന്ന പ്രധാന്യം കുറഞ്ഞുവന്നതു നാഞ്ചനാട്ടിലെ ഭൂവുടമകള്ക്ക് ഖിന്നത സമ്മാനിച്ചതില് അദ്ഭുതം വേണ്ട. എവിടെനിന്നോ വന്ന കേശവദാസനും രാജപ്രീതികൊണ്ട് ചെമ്പകരാമന് പദവി ലഭിച്ചവരും തെക്കന് തിരുവിതാംകൂര് നായന്മാര് ആയിരുന്നു എന്നത് ആശ്വാസത്തിന് കാരണമായില്ല. പൊട്ടിത്തെറി ഉണ്ടാകാന് അത്ര പോരായിരുന്നു എന്ന് മാത്രം. അതിനുവേണ്ട തരത്തില് ഊഷ്മാവ് ഉയര്ന്നത് മലബാറുകാരന് നമ്പൂതിരി ദളവയും അന്യസമുദായക്കാരന് ചെട്ടി മേലെഴുത്തും മാത്തുത്തരകന് രാജാവിനെ അധമര്ണ്ണനാക്കാന് പോന്ന ലക്ഷാധിപതിയും ആയപ്പോവാണ്. തരകന് ഉദ്യോഗസ്ഥനോ ഉദ്യോഗാര്ത്ഥിയോ ആയിരുന്നില്ല. അതുകൊണ്ട് രാജാകേശവദാസന് ഭരിച്ച കാലത്ത് അസൂയയ്ക്കല്ലാതെ വിരോധത്തിന് സംഗതി ഉണ്ടായില്ല. എന്നാല്, നഞ്ചനാട്ടുകാര് താക്കോല്സ്ഥാനങ്ങളില് നിന്ന് പുറത്തായതോടെ നമ്പൂതിരിയോടും ചെട്ടിയോടും ചേര്ന്നുനിന്ന തരകനും വിരോധത്തിന് ഇരയാവുകയായിരുന്നു എന്ന് കരുതണം. കൊട്ടാരത്തോടും അധികാര കേന്ദ്രങ്ങളോടും പിണങ്ങാതിരിക്കേണ്ടത് സര്ക്കാരില് നിന്ന് ലക്ഷക്കണക്കിന് രൂപ തിരികെ കിട്ടാന് ഉണ്ടായിരുന്ന തരകന് ആവശ്യമായിരുന്നു. അത് വിനയായി. തരകന് ഉണ്ടായിരുന്ന അസൂയ വിരോധമായി വളര്ന്നതല്ലാതെ മറ്റൊരു കാരണവും ആ മനുഷ്യനോട് ചെയ്ത ദ്രോഹത്തിന് ഉണ്ടായിരുന്നില്ല. കൊലക്കേസുകള് തെളിയുന്നത് പ്രകൃതി നിയമം അനുസരിച്ച് പ്രതികള് അവശേഷിപ്പിക്കുന്ന സൂചനകളിലൂടെയാണ് എന്ന് പറയാറുണ്ടല്ലോ. അതുപോലെ ഒന്ന് നാഞ്ചനാട്ടു നാട്ടുകൂട്ടം ചെയ്തി കണക്ക് എന്ന രാജ്യകാര്യം ചരുണ യിലും കാണാം. തുടക്കത്തില് ദളവാ മുതല്പേര്ക്കൊപ്പം തിരുവനന്തപുരത്ത് അതിക്രമം നടത്തിയ ഉദ്യോഗസ്ഥരുടെ പേരുകള് കഴിഞ്ഞ് തരകന്റെ പേര് പറയുന്ന ഈ രേഖയില്തന്നെ മാത്തുതരകന് വടക്കന് തിരുവിതാംകൂറിലാണ് അതിക്രമങ്ങള് പ്രവര്ത്തിച്ചത് എന്നും പിറകെ പറയുന്നുണ്ട്. തലക്കുളത്ത് വേലുത്തമ്പി കാര്യക്കാറര് പകടേശ്ശാരിയില്ച്ചെന്ന് ഇരുന്നാറെ ഇളുവിച്ചു പോകാന് പറകെയും, ചെയതത് വലിയ അപരാധമായി രേഖപ്പെടുത്തുന്നതും തമ്പുരാന്റെ കാര്യം വിചാരിപ്പാന് ഇന്നാട്ടില് ഒരുത്തരും ഇല്ലാത്തപോലെ മറുനാട്ടിന്മേല്നിന്നും വന്നു പാര്ക്കുന്ന നമ്പൂരിക്ക് അടക്കി വലിയ സര്വ്വാധിയും ചെട്ടിശംകരനാരായണപിള്ളക്ക അടക്കി വലിയ മേളെഴുത്തും കൊടുത്ത ഖത പറയുന്നതും കൊലപാതകം നടന്ന ഇടത്തെ രക്തത്തില് പ്രതിയുടെ ഡി.എന്.എ മുദ്ര തെളിയുന്നതിന് തുല്യമായിരിക്കുന്നു.

ഏതായാലും വേലുത്തമ്പി ജയിച്ചു. പാറശ്ശാല പത്മനാഭന് ചെമ്പകരാമന് ദളവ ആയതോടെ അധികാരം തെക്കന് തിരുവിതാംകൂറിന് തിരിച്ചുകിട്ടി. ഈ ദളവായ്ക്ക് കാര്യപ്രാപ്തി ഉണ്ടായിരുന്നില്ല എന്ന് നാഗമയ്യ രേഖപ്പെടുത്തിയിട്ടുണ്ട്. തമ്പി ഇതോടെ ദളവാപദം ലക്ഷ്യമാക്കി. സമ്പ്രതി കുഞ്ഞുനീലംപിള്ള, വലിയ മേലെഴുത്ത് മുത്തുപിള്ള, സ്ഥാനപതി സുബ്ബയ്യന് എന്നീ ഉന്നതോദ്യോഗസ്ഥര് തമ്പിക്ക് തുണയാണെങ്കിലും രാജാകേശവദാന്റെ സഹോദരന് ചെമ്പകരാമന് കുമാരനും അനന്തരവന് ഇരയിമ്മനും വേലുത്തമ്പിയേക്കാള് കൂടുതല് അവകാശം ഉളളവരായി സര്വ്വീസില് ഉണ്ടായിരുന്നു. വേലുത്തമ്പിയും പിന്തുണക്കാരും ഗൂഢാലോചന വഴി അവരെ ഉന്മൂലനം ചെയ്തു എന്ന് രാജഭരണകാലത്ത്പ്രസിദ്ധീകൃതമായ ട്രാവന്കൂര് മാനുവല് പറയുന്നു. ഇരുവരും വധിക്കപ്പെട്ടു. മുളകുമടിശ്ശീല സര്വ്വാധി-വാണിജ്യകാര്യന്ത്രി- ആയിരുന്ന വേലുത്തമ്പി ദളവാ ആയി. ആദ്യത്തെ ബ്രിട്ടീഷ് റസിഡന്റായി കേണല് മെക്കാളെ സ്ഥാനമേറ്റതിന് തൊട്ടുപിന്നാലെ ആയിരുന്നു അത്. റസിഡന്റിന്റെ അംഗീകാരം ഉള്ള ആദ്യത്തെ ദളവ.

വേലുത്തമ്പി കരുത്തനായ ഭരണാധികാരി ആയിരുന്നു എന്നതില് തര്ക്കമില്ല. എന്തും ചെയ്യാന് മടിക്കാത്തവനെങ്കിലും ധീരനും ബുദ്ധിമാനും എന്നാണ് നാഗമയ്യ പറഞ്ഞിട്ടുള്ളത്. വിവര്ത്തനത്തിന്റെ അലോസരം കൂടാതെ ഉദ്ധരിക്കട്ടെ. Rebellion was his forte... not in any sense astateman, for he lacked prudencem probity, calmness and tact...(he was) cruel and vimdictive. His utmost merit lay in the dact that he was a strong man ans inspired dread. (ദ് ട്രാവന്കോര് സ്റ്റേറ്റ് മാനുവല്, വാല്യം 1, അധ്യായം VI, ചരിത്രം).

തമ്പിയുടെ ക്രൂരകൃത്യങ്ങള് സുഹൃത്തുക്കളെപ്പോലും ശത്രുക്കളാക്കി. ദളവാപദത്തിലേക്ക വഴിയൊരുക്കിയ കുഞ്ഞുനീലംപിള്ള തന്നെ മുന്കൈയെടുത്ത് വേലുത്തമ്പിയെ വധിക്കാന് രാജകല്പനയായി. അരുമന, തിരുവട്ടാര്, നായര്കോവില്, വടശ്ശേരി അമ്മവീടുകള് നാലും ധര്മ്മരാജാവിന്റെയും ബാലരാമവര്മ്മയുടെയും ഭാര്യാ വീടുകള് ആയിരുന്നു. അമ്മവീടുകളിലെ തമ്പിമാര് പൊതുവേ ഉ്ദ്യോഗം വഹിക്കുന്നതിലേറെ തങ്ങളെ അനുസരിക്കുന്ന ഉദ്യോഗസ്ഥരെ പ്രതിഷ്ഠിക്കുന്നതിലാണ് ശ്രദ്ധിച്ചുവന്നത്; അടുത്ത തലമുറ- രാജാവിന്റെ പൗത്രനോ ദൗഹിത്രനോ - ഉദ്യോഗം വഹിച്ചിരുന്നത് ഉദാഹരണങ്ങള് പലത് ഉണ്ടെങ്കിലും ബാലരാമവര്മ്മയുടെ കാലത്ത് അമ്മവീടുകള് മിക്കവാറും മത്സരത്തിലായിരുന്നു. അമ്മ വീട്ടുകാരുടെ സ്വത്ത് അന്വേഷിച്ചു നടത്തിയിരുന്നത് വേലുതമ്പി ആയിരുന്നതിനാല് നാലു കൂട്ടര്ക്കും തമ്പിയെ ഇഷ്ടമായിരുന്നു. എന്നാല്, അരുമന അമ്മച്ചിക്കാണ് തമ്പുരാനില് ഏറെ സ്വാധീനം എന്നറിഞ്ഞ തമ്പി ദളവ ആയപപ്പോള് അവരോട് കൂടുതല് ചായ്വ് കാണിച്ചു. ഇതിനെത്തുടര്ന്ന് തിരുവട്ടാരിന്റെ നേതൃത്വത്തില് മറ്റ് അമ്മവീട്ടുകാര് ചെമ്പകാരമന് നീലകണഠനെ ദളവാ ആക്കാന് ശ്രമിച്ചു. ഇതിനെതുടര്ന്ന് തിരുവട്ടാറിന്റെ നേതൃത്വത്തില് മറ്റ് അമ്മവീട്ടുകാര് ചെമ്പകരാമന് നീലകണ്ഠനെ ദളവ ആക്കാന് ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് തമ്പിയെ കഴുവേറ്റാന് കല്പന ഉണ്ടായത്. അരുമന തമ്പിമാര് വഴി വിവരം അറിഞ്ഞ വേലുത്തമ്പി റസിഡന്റുമായി ബന്ധപ്പെട്ടു. നേരില് മുഖം കാണിക്കാനായിരുന്നു മെക്കാളെയുടെ ഉപദേശം. രാജാവ് തമ്പിയെ കാണാന് വിസമ്മതിച്ചു. കര്ണ്ണല് തന്നെ തിരുവനന്തപുരത്ത് എത്തി സമ്പ്രതി കുഞ്ഞുനീലംപിള്ള അടക്കം ഉള്ളവരെ വധിക്കാനുള്ള തന്റെ തീരുമാനം രാജാവിനെ അറിയിച്ചതിനാലാണ് തമ്പി അന്ന് രക്ഷപെട്ടത്.

ഈ ഇടപെടല് രാജാവിന് ഇഷ്ടമായില്ല. അദ്ദേഹം താന് അത്ര ദുര്ബലനല്ല എന്ന് തെളിയിച്ചുകൊണ്ട് ഗവര്ണര് ജനറല് വെല്ലസ്ലിക്ക് പരാതി അയച്ചു. വെല്ലസ്ലി മെക്കാളെയെ കല്ക്കത്തയിലേക്ക് വിളിപ്പിച്ചെങ്കിലും റസിഡന്റിന്റെ സ്ഥാനം പൂര്വ്വവല് ഭദ്രമാക്കുന്ന ഒരു വിജ്ഞാപനമാണ് പിറകെ മദിരാശി ഗവര്ണര് പുറപ്പെടുവിച്ചത്. തമ്പിയാണ് രാജാവിനെക്കാല് വിശ്വാസയോഗ്യന് എന്നതായിരുന്നു ആ തീരുമാനത്തിന്റെ പിറകില് തമ്പി ധീരദേശാഭിമാനി ആയിക്കഴിഞ്ഞിരുന്നില്ല എന്നര്ത്ഥം!

കമ്പനിക്ക് കൊടുക്കുവാനുള്ള കുടിശ്ശിക ഏറിയേറി വന്നു. നായര് പട്ടാളത്തിന്റെ ശമ്പളം കുറച്ച് ബ്രിട്ടീഷ് പട്ടാളത്തിന്റെ കൂലി കൊടുക്കാന് ആയിരുന്നു ധീരദേശാഭിമാനിയുടെ തീരുമാനം. മെക്കാലെ ഒപ്പം നിന്നു എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. നായന്മാര് തമ്പിക്കും റസിഡന്റിനും എതിരേ തിരിഞ്ഞു. ബ്രിട്ടീഷുകാരെ തുരത്തുകയാണ് ലക്ഷ്യം എന്ന് പ്രഖ്യാപിച്ചുകൊണ്ട് പതിനായിരത്തിലേറെ നായര് പട്ടാളം ജയിലുകള് തുറന്നുവിടുകയും ദളവയെ പിരിച്ചുവിടണം എന്ന ആവശ്യവുമായി രാജാവിന് നിവേദനം കൊടുക്കുകയും ചെയ്തു. ദളവ അന്ന് ആലപ്പുഴയില് ആയിരുന്നു. അവിടുത്തെ നായര് പട്ടാളവും കൂറുമാറി. 1804 നവംബര് 14ന് തമ്പി കൊച്ചിയിലേക്ക് പലായനം ചെയ്ത് മെക്കാളെയെ അഭയം പ്രാപിച്ചു. മെക്കാളെയുടെഅനുവാദത്തോടെ സൈന്യം കര്ണാട്ടിക് ബ്രിഗേഡ് വടക്കുനിന്നും സായിപ്പിന്റെ സൈന്യം തിരുനല്വേലിയില് നിന്നും പുറപ്പെട്ടു. കൊല്ലത്തെ ബ്രിട്ടീഷ് പട്ടാളം തിരുവനന്തപുരത്തേക്ക് നീങ്ങാന് തയ്യാറായിനിന്നു. ഇതൊക്കെ അറിയത്തോടെ നായര് പട്ടാളം പവനായി ശവമായി എന്ന മട്ടായി തമ്പി സ്വന്തം പതിവനുസരിച്ച് അവരോട് പെരുമറി. (എന്ന് നാഗമയ്യ) കൃഷ്ണപിള്ള എന്ന ഹതഭാഗ്യന്റെ വലതുകാല് ഓരാനെയെക്കൊണ്ട് തെക്കോട്ടും ഇടതുകാല് മറ്റൊരു ഗജവീരനെക്കൊണ്ട് വടക്കോട്ടും വലിപ്പിച്ചു. കൃഷ്ണപിള്ളയെ ജീവനോടെ രണ്ടായി കീരി. ഹിസ്റ്ററി റെക്കോര്ഡ് ബട്ട് സെല്ഡം സച്ച് അബോമിനബിള് ടെയില് സ് ഓഫ് ബാര്ബറ്ററി ആന്റി വിന്ഡിക്ടീവിനെസ് എന്നാണ് രാജഭരണകാലത്തെ രേഖ തന്നെ പറയുന്നത്.
ഈ കലാപത്തിന്റെ തുടര്ച്ചയാണ് തിരുവിതാംകൂറിന്റെ അഭ്യന്തരകാര്യങ്ങളിലും ഇടപെടാന് ബ്രിട്ടീഷുകാര്ക്ക് അവസരം നല്കിയ 1805ലെ ഉടമ്പടി. ടിപ്പുസുല്ത്താനെ പോലെയുള്ള ബാഹ്യശത്രുക്കളെ നേരിടുകയായിരുന്ന രാജാകേശവദാസന്റെ ഉടമ്പടിയുടെ ലക്ഷ്യമെങ്കില് കൃഷ്ണപിള്ളമാരെ നേരിടുകയായിരുന്നു ധീരദേശാഭിമാനി വേലുത്തമ്പിയുടെ ഉടമ്പടി ഉന്നംവച്ചത്. ദുര്ബലനായി ഇകഴ്ത്തപ്പെടുന്ന ബാലരാമവര്മ്മ എതിര്ത്തു. ഒപ്പിടാന് വിസമ്മതിക്കുകയും ചെയ്തു. ഗവര്ണര് ജനറലും റസിഡന്റും സ്വന്തം ദളവയും ഒരു വശത്ത് ദുര്ബലന് എന്തു ചെയ്യും? 1805 ജനുവരി 12ന് തര്ക്കം തീര്ന്നു. പേര്ഷ്യനിലും ഇംഗ്ലീഷിലും തയ്യാറാക്കിയ രേഖയില് മെക്കാലെയും വേലുത്തമ്പിയും ഒപ്പുവച്ചു. ഈ ഉടമ്പടിയുടെ ഒമ്പതാം ഖണ്ഡികയിലാണ് തിരുവിതാംകൂറിന്റെ സമസ്ത സ്വാതന്ത്യവും വേലുത്തമ്പി ബ്രിട്ടീഷുകാര്ക്ക് അടിയറവ് വച്ചത്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് നാഗമയ്യ എഴുതിയ സ്റ്റേറ്റ് മാനുവലില് ഇതിന്റെ പൂര്ണ്ണരൂപം വായിക്കാം. ധനകാര്യം, നികുതി, നീതിന്യായം, വാണിജ്യം, കൃഷി, വ്യവസായം, തമ്പുരാന്റെ താല്പര്യത്തിനും പ്രജകളുടെ സന്തോഷത്തിനും വേണ്ട മറ്റെന്തു വിഷയവും എല്ലാം സായിപ്പ് പറയും. തിരുവിതാംകൂര് അനുസരിക്കും. രണ്ട് നൂറ്റാണ്ടുകള് കഴിഞ്ഞു. നാം ഇത് വായിക്കുമ്പോള് തോന്നുന്നത്ര ധര്മ്മരോഷം സ്വാതന്ത്ര്യപൂര്വ്വയുഗത്തില് നാഗമയ്യയ്ക്ക തോന്നിയിരിക്കയില്ല. എങ്കിലും വേണ്ടിവന്നാല് മാര്ത്താണ്ഡവര്മ്മ നേടിയതും ധര്മ്മരാജാവ് ഉറപ്പിച്ചതും ആയ രാജ്യാതിര്ത്തിയില് നിന്ന് ഇഷ്ടമുള്ള ഭാഗം അടര്ത്തിയെടുത്ത് നേരിട്ട് ഭരിക്കാന് വരെ ബ്രിട്ടീഷുകാരെ അനുവദിക്കുന്ന രേഖയിലാണ്. മഹാരാജാവിന്റെ എതിര്പ്പ് മറികടന്ന് മെക്കാളെയോട് ചേര്ന്ന് ധീരദേശാഭിമാനി വേലുത്തമ്പി ഒപ്പുവെച്ചത് എന്നോര്ക്കുമ്പോള് ലജ്ജതോന്നുന്നു.

അന്നുതന്നെ വിവരം പുറത്തായപ്പോള് തമ്പിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്ന്നു. രാജാവും രാജസദസ്യരും ജനങ്ങളും വേലുത്തമ്പി രാജ്യതാത്പര്യങ്ങള് ബലികഴിച്ചു എന്ന് തന്നെകരുതി. രണ്ടുവര്ഷം ഇടവേളയും പിന്നെ ഗഡുക്കളായി അടയ്ക്കാനുള്ള സാവകാശവുംകിട്ടിയെങ്കിലും രാജ്യത്തിന് താങ്ങാനാവാകത്തതായിരുന്ന തമ്പി വരുത്തിവച്ച ഭാരം. എത്ര വയ്യ എന്ന് പറയാന് തുടങ്ങി വേലുത്തമ്പി. സായിപ്പുണ്ടോ സമ്മതിക്കുന്നു? ഒടുവില് ഒരു തീയതി നിശ്ചയിച്ചു. കുറേ തുക അടച്ചെങ്കിലും ഏറ്റത് മുഴുവന് അന്നേദിവസം എത്തിക്കാനായില്ല. മക്കെളെയുടെ മട്ടും സ്വരവുംമാറി. അത് തമ്പിക്ക് പമാനകരമായി തോന്നി. തമ്പി മാത്തുത്തരകന്റെ സ്വത്തിന്മേല് സമ്മര്ദ്ദം ചെലുത്തിയത് റസിഡന്റിനും ഇഷ്ടമായില്ല. ആ അകലം വര്ദ്ധിച്ചുവര്ദ്ദിച്ച് ദളവയെ പിരിച്ചുവിടണം എന്ന നിലപാടിലെത്തി മെക്കാളെ. രാജാവിന്റെ ഉടമ്പടി വിഷയത്തില് തമ്പിയോട് അതൃപ്തി ഉണ്ടായിരുന്നുവെങ്കിലും റസിന്റിനോട് മല്ല് പിടിക്കുന്ന ദളവയെ റസിഡന്റിന്റെ വാക്കുകേട്ട് പിരിച്ചുവിടാതിരിക്കുന്നതാണ് നല്ലത് എന്ന് ആ ദുര്ബലന് തിരിച്ചറിഞ്ഞു. റസിഡന്റിനെ തിരിച്ചുവിളിക്കാന് ഗവര്ണ്ണര്ക്കെഴുതി രാജാവ്. ഫലം ഉണ്ടായില്ല. റസിഡന്റാകട്ടെ ദളവായുടെ രാജിക്കായി നിര്ബന്ധിച്ചുകൊണ്ടിരുന്നു.

സ്ഥാനപതി സുബയ്യന്റെ മരണം ആണ് അടുത്ത സംഭവം. റസിഡന്റിന്റെ പ്രതിനിധിയായി രാജസന്നിധിയില് വര്ത്തിക്കുന്നയാളാണ് സ്ഥാനപതി. വേലുത്തമ്പി സുബ്ബയ്യനെ വധിക്കാന് ഏര്പ്പാടാക്കി. ശ്വാസം മുട്ടിച്ച് കൊന്നു, പാമ്പുകടിയേറ്റ് മരിച്ചതായി പ്രചരിപ്പിച്ചു എന്നാണ് ചരിത്രകാരനായ ശങ്കുണ്ണി മേനോന് പറഞ്ഞുതരുന്നത്. നാഗമയ്യക്ക് ഈ സംഭവം വളരെ വിശദമായി ചര്ച്ച ചെയ്യുന്നുണ്ട തന്റെ വിശ്രുതകൃതിയില്.

രാജാവ് അരുമന അമ്മച്ചിയോട് പറയാത്ത രഹസ്യങ്ങള് ഉണ്ടായിരുന്നില്ല. അമ്മച്ചിയാകട്ടെ തമ്പിമാര്വഴി എല്ലാം ദളവയെ അപ്പപ്പോള് അറിയിച്ചുവന്നു. അരമനരഹസ്യം അങ്ങാടിപ്പാട്ടായി എന്ന് പറയുംപോലെ! റസിഡന്റ് തന്നെ പിരിച്ചുവിടുന്നതില് വീട്ടുവീഴ്ചയ്ക്കില്ല എന്നുറപ്പായപ്പോള് റസിഡന്റിനെ ഉന്മൂലനം ചെയ്യാന് എന്താണ് വഴി എന്നായി വേലുത്തമ്പിയുടെ ചിന്ത.

ഇതിനിടെ പാലിയത്തച്ചനുമായി തമ്പി സഖ്യത്തിലാണ്. പാലിയത്തച്ചന് ആയിരുന്നു കൊച്ചിയിലെ പ്രധാന മന്ത്രിമാര്. പാലിയത്ത് പ്രായപൂര്ത്തിയായ ആരും ഇല്ലാതിരുന്ന ഒരു ഘട്ടത്തില് ഒരു രാമന്മേനോന് ദിവാനായി. പാലിയത്തച്ചനെ തിരിച്ചുകൊണ്ടുവരാന് വേലുത്തമ്പി ഇടപെടേണ്ടിവന്നു. ബഹിഷ്കൃതനായ രാമന്മേനോനും സൈന്യാധിപന് ഗോവിന്ദമേനോനും രാജസുഹൃത്ത് നടവരമ്പ് കുഞ്ഞികൃഷ്ണമേനോനും പാലിയത്തച്ചന് തലവേദയായി. അവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പറഞ്ഞുകൊടുത്തതു തമ്പി. കൊല്ലുക, അതാണല്ലോ അവിടുത്തെ സമ്പ്രദായം. രണ്ടുപേരെ ചതിയില് കൊന്നും. കുഞ്ഞികൃഷ്ണമേനോന് റസിഡന്റിനെ അഭയം ചൊല്ലി. പാലിയത്തച്ചന് ആവശ്യപ്പെട്ടെങ്കിലും അഭയം തേടിയ ആളെ വിട്ടുകൊടുക്കാന് മെക്കാളെ വിസമ്മതിച്ചു. മെക്കാളെയെ വെറുക്കുന്ന രണ്ടുപേര് ഒത്തുകൂടിയ സാഹചര്യം ഇതാണ്. തമ്പി മെക്കാളെയോട് രാജിസന്നദ്ധ ത അറിയിച്ചതും ചിതിവില് ബോള്ഗാട്ടി കൊട്ടാരം ആക്രമിച്ചതും വിദേശികളെ മുക്കിക്കൊന്നതും തീരദേശജനതയെ ഗളഹസ്തംചെയ്തതും എല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രമാണ്. വിശദീകരിക്കേണ്ടതില്ല.

തമ്പി ബുദ്ധിമാന് ആയിരുന്നു. അതിനുള്ള ഏറ്റവും വലിയ തെളിവാണ് കുണ്ടറ വിളംമ്പരം. സിസെറോ, ഡെമോസ്തനസ്, ബര്ക്ക്, ഷെറിദന് എന്നിവരോടാണ് നാഗമയ്യ തമ്പിയെ താരതമ്യപ്പെടുത്തുന്നത്. തികച്ചും അവസരവാദപരമായിരുന്നു തമ്പിയുടെ നിലപാട് എന്നും നാഗമയ്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വന്തം കാര്യം നടക്കാന് മെക്കാളെയും പ്രീണിപ്പിക്കേണ്ട വേലയില് മഹാരാജാവിന് തൃണമൂല്യം. കര്ണാട്ടിക് ബ്രിഗേഡിന് പിരിച്ചുവിടല്, ബ്രിട്ടീഷുകാര് വര്ദ്ധിപ്പിച്ച കപ്പം, റസിഡന്റുമായി പിണങ്ങിയപ്പോള് രാജാവ് പാവം പത്മനാഭദാസന്, ഹിന്ദുമതം അപകടത്തില്! ഏകയോഗക്ഷേമമായി കഴിഞ്ഞ സമൂഹത്തില് വിഭാഗീയതയുടെ വിത്തുവിതയ്ക്കുകയാണ് ദളവാ. അതിന്റെ വിവരങ്ങള്... ക്ഷേത്രങ്ങളില് കുരിശും കൊടിയും കെട്ടിച്ച്.... തുടങ്ങിയ വിഷലിപ്തവചസ്സുകള്ക്ക് 984ല് ഒരു ന്യായവും തിരുവിതാംകൂറില് ഉണ്ടായിരുന്നില്ല. റിങ്കിള്ടോബെയോ ഒരു മതം മാറിയ ബ്രാഹ്മണന് തെക്കന് തിരുവിതാംകൂറിലേക്ക്ക്ഷണിച്ചുകൊണ്ടുവന്നിരുന്ന എന്നത് മാത്രമാണ് തിമ്പിയുടെ കാലത്തെ മിഷനറി പ്രവര്ത്തനം. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അതുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ആദ്യത്തെ ബ്രിട്ടീഷ് മിഷണറി തോമസ് നോര്ട്ടണ് കേരളത്തില് എത്തുന്നത് വേലുത്തമ്പി കഥാവശേഷനായതിന് ശേഷമാണ്. 1816ല് മെക്കാളെ പാതിരിമാരെ നാട്ടില് വരുത്തി പാര്പ്പിച്ചു എന്ന് ആര്. നാരായണപ്പണിക്കര് തിരിവിതാംകൂര് ചരിത്രത്തില് എഴുതിയത് എന്തടിസ്ഥാനത്തിലാണ് എന്ന് മനസിലാകുന്നില്ല.

വേലുതമ്പി സ്വന്തനിലയ്ക്കാണ് യുദ്ധം തുടങ്ങാന് പുറപ്പെട്ടത് എന്ന് പട്ടാളമേധാവി മാര്ത്താണ്ഡന് ചെമ്പകരാമന് കുറ്റപ്പെടുത്തുന്നു. ഇപ്പോള് വേലുത്തമ്പി തുടങ്ങിയിരിക്കുന്നത് യോഗ്യമായിട്ടുള്ളതല്ലെന്നു... ഇപ്പോള് കമ്പിയാരോട് യുദ്ധം തുടങ്ങിയാല് അപജയമല്ലാതെ ജയം വരികയില്ലെന്നും കാര്യബോധമില്ലാത്ത ദുര്മ്മന്ത്രിയുടെ വാക്കിനെ വിശ്വസിച്ചുകൊണ്ട തിരുമസ്സ് ആയതിന് സമ്മതിച്ചുപോകരുതെന്നും രാജാവിനെ പടത്തലവന് ഗുണദോഷിച്ചിരുന്നു. സദസ്യതിലകനും ഈ അഭിപ്രായഭിന്നത ശരിവയ്ക്കുന്നുണ്ട്. കുണ്ടറവിളംബരം സാധാരണജനങ്ങളെ ഇളക്കാന് പോന്നതായിരുന്നു എന്നതില് തര്ക്കം വേണ്ട. അതുകൊണ്ടാണല്ലോ 1809 ജനുവരി 15ന് വിശേഷിച്ചും ബ്രാഹ്മണരും തിരുവാങ്കോട്ട് ദേശത്തുള്ള ഈ ക്ഷേത്രങ്ങളും ഒരു വക ഉപദ്രവവും അസഖ്യവും കൂടാതെ ഇരിക്കത്തക്കവണ്ണം കല്പിച്ച് ശട്ടം കെട്ടുകയും ചെയ്യും എന്ന് ഫോര്ട്ട് സെന്റ് ജോര്ജ്ജില് നിന്ന് ഗസറ്റ് ഇറക്കേണ്ടിവന്നത്.

തിരുവിതാംകൂറിലെ പട്ടാളമേധാവിയുടെ അഭിപ്രായത്തിന് വിരുദ്ദമായി തന്നെ അധിക്ഷേപിക്കുകയും തന്റെ രാജിക്കായി സമ്മര്ദ്ദം ചെലുത്തുകയും ചെയ്ത റസിഡന്റിനോടുള്ള പക തീര്ക്കാന് ഒരു രാജ്യത്തെ മുഴുവന് രംഗത്തിറക്കിയ വേലുത്തമ്പി ധീരനായിരുന്നു. സത്യം. എന്നാല്, യുദ്ധത്തില് അമ്പേ പരാജയപ്പെട്ടു. വേലുത്തമ്പി ഫ്ളെഡ് ഫ്രം ട്രിവാന്ഡ്രം. ഓള് വാസ് നൗ ലോസ്റ്റ്. ദ് ഡസ്പററ്റ് ഗെയിം ഹൗഡ് ബീന് പ്ലെയ്യ് ഔട്ട് എന്ന് പറഞ്ഞാണ് നഗമയ്യ ഈ ഭാഗം ഉപസംഹരിക്കുന്നത്.
ആ അന്തിമപാലായനത്തില് വിശന്നുവലഞ്ഞ് കിളിമാനൂര് കൊട്ടാരത്തില് എത്തിയ കഥ വിസ്തരിക്കുന്നില്ല. എന്നാല് വിഭവശുഷ്കായിരുന്ന ഭക്ഷണം കഴിഞ്ഞപ്പോള് ഈ ഭക്ഷണങ്ങളില് എനിക്ക് കിട്ടിയ സംതൃപ്തി വിചാരിച്ചാല് ഇത് അവസാനത്തെ അത്താഴമാണ് എന്ന് തോന്നുന്നു എന്ന് പറഞ്ഞ് സ്വര്ണ്ണപിടിയുള്ള വാള് ഊരി അതിഥേയന് നല്കി ഇരുളില് മറഞ്ഞ അപരിചിതന് വേലുത്തമ്പി ആയിരുന്നു എന്ന് കിളിമാനൂരിലെ ആതിഥേയന് അറിഞ്ഞത് മൂന്ന് മാസം കഴിഞ്ഞാണ് എന്നത് ഇവിടെത്തന്നെ പറയേണ്ടിയിരിക്കുന്നു.

മാര്ത്താണ്ഡ വര്മ്മയുടോയോ ധര്മ്മരാജാവിന്റെയോ കാലം രാമയ്യനെയും കേശവദാസനെയും അല്ലാതെ ഒരു വേലുത്തമ്പിയെ സൃഷ്ടിക്കുമായിരുന്നില്ല എന്ന് പറയുന്ന നാഗമയ്യ ഇങ്ങനെയാണ് ഖണ്ഡിക അവസാനിപ്പിക്കുന്നത്. ഹി വാസ് ദി റിഫഌക്സ് റിസള്ട്ട് ഓഫീ ദ് റുള് ഓഫ് എ വീക്ക് സോവറിന് ഓണ് ദ് ഹിസ്റ്ററി ഓഫ് ഹിസ് ടൈംസ് വിച്ച് കുഡ് ഒണ്ലി പ്രൊഡ്യൂസ് മെന് കാരക്ടറൈസ്ഡ് ബൈ സെല്ഫിഷ്നെസ്, കവെച്ചുവസ്നെസ് ആന്റി ഫിയേഴ്സ് ഒഇന്സ്റ്റിന്ക്ട്, അണ്ഹാലോഡ് ബൈറിഫൈന്മെന്റ് ഓഫീ തോട്ട് ആന്റ് അണ്സോഫന്ഡ് ബൈ ലേണിംഗ് ഓര് കള്ച്ചര്. സ്വാര്ത്ഥന്, അത്യാഗ്രഹി, ക്രൂരന്, സംസ്കാരശൂന്യന്, അവിദ്യാലംകൃതന് ശ്രീമൂലം തിരുനാളിന്റെ കാലത്ത് വിലയിരുത്തലാണ് ഇത് എന്നോര്ക്കണം.

കാലം തെറ്റി ജനിച്ചതായിരുന്നു വേലുത്തമ്പിയുടെ ദുര്യോഗം. മാര്ത്താണ്ഡവര്മ്മയ്ക്ക് മുമ്പോ സ്വാതിതിരുനാളിന് ശേഷമോ ആയിരുന്നു തമ്പി ജനിച്ചിരുന്നതെങ്കില് കഥ മറ്റൊന്നാകുമായിരുന്നു. നേരത്തെ ആയിരുന്നാല് തമ്പിയുടെ തെറ്റുകള് ശരികളാകുമായിരുന്നു. വൈകി ആയിരുന്നുവെങ്കില് തമ്പിക്ക് ആധുനിക വിദ്യാഭ്യാസവും തജ്ജന്യമായ സാംസ്കാരികതലവും പ്രാപ്യമാകുമായിരുന്നു.

തെക്കന് തിരുവിതാംകൂറിനോട് ആവശ്യത്തിലേറെ പ്രതിപത്തി ഉണ്ടായിരുന്ന പട്ടം താണുപിള്ളയുടെ സൃഷ്ടിയാണ് വേലുത്തമ്പിയുടെ ദീരദേശാഭിമാനി പദവി. വളരെ ചുരുങ്ങിയ കാലം ഭരിക്കുകയും അതിനിടെ തിരുവിതാംകൂറിന്റെ ആഭ്യന്തരഭരണം സായിപ്പിന് അടിയറ വയ്ക്കുകയും സായിപ്പുമായി വ്യക്തിതലത്തില് തെറ്റിയപ്പോല് മാത്രം സായിപ്പിനെതിരെ തിരിയുകയും ചെയ്ത വേലുത്തമ്പിക്ക് ഇന്ന് നല്കപ്പെടുന്ന ആദരവ് അസ്ഥാനത്താണ് എന്നതില് സംശയം വേണ്ട. ആ ചിരിത്രം പുനര്വായിക്കപ്പെടാന് സാധ്യതയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ അത് പുനര്വായനയ്ക്ക് വിധേയമാക്കണം എന്ന് പറയാന് ബൗദ്ധികസത്യസന്ധത ചരിത്രകാന്മാരെ നിര്ബന്ധിക്കേണ്ടതാണ്.

വേലുത്തമ്പി സമുദായത്തില് വിഭാഗീയത സൃഷ്ടിച്ചതുപോലെ ആവില്ലേ ഈ പുതിയ പഠനം എന്ന ചോദ്യം ഞാന് കേള്ക്കാതിരിക്കുന്നില്ല. രണ്ട് സംഗതികള് പറയണം, മറുപടിയായി, ഒന്ന്്, തമ്പി ഒരു സമുദായനേതാവല്ല. കന്യാകുമാരി ജില്ലയിലും തൊട്ടുകിടക്കുന്നഏതാനുംവില്ലേജുകളിലും മാത്രം ആണ് തമ്പി ഒരു വികാരമാകുന്നത്. അതുതന്നെ സാമുദായാചാര്യന് സ്ഥാപിച്ച ഒരു പ്രമുഖസ്ഥാപനവും തമ്പിയുടെ സ്മരണ നിലനിര്ത്തുന്നില്ല. സംസ്ഥാനാര്ത്ഥിയിലെ ഒരു ജൂണിയര് കോളേജ് ഒഴിച്ച് രണ്ട്, ചരിത്രത്തില് വസ്തുനിഷ്ഠതയും അന്വേഷണാത്മക ചിന്താപദ്ധതികളുമാണ് വേണ്ടത്. മാര്ത്തോമ്മാശ്ലീഹ കേരളത്തില് വന്നിട്ടില്ല എന്നോ തരീസാപ്പള്ളി ചെപ്പേടുകള് നാട്ടുക്രിസ്ത്യാനികള്ക്ക് കൊടുത്തതല്ല എന്നോ ഒന്നാം നൂറ്റാണ്ടില് കേരളത്തില് നമ്പൂതിരിമാര് ഉണ്ടായിരുന്നില്ല എന്നോ അര്ക്കദിയാക്കന്റെ ഉപദേശകര് അന്തശ്ച്ഛിദ്രം കൂടാതെ യോജിച്ച് നിന്നിരുന്നെങ്കില് സുറിയാനിക്കാരില് കത്തോലിക്കര് ഉണ്ടാകുമായിരുന്നില്ല എന്നോ ഒക്കെ പറയുന്നത് സാമുദായികമായ പ്രതികരണമോ ആത്മനിഷ്ഠമായ മുന്വിധിയായോ ആരും കാണിറില്ല. കാണരുത്.

ഈശവാസ്യത്തിലല്ലേ പറയുന്നത് സ്വര്ണ്ണംകൊണ്ട് മൂടിയതായാലും സത്യം അനാച്ഛാദനം ചെയ്യപ്പെടണം എന്ന്? ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം തത്ത്വം പൂഷന്നപാവൃണം സത്യധര്മ്മായ ദൃഷ്യായ എന്നാണല്ലോ നാം വായിക്കുന്നത്.

Get our Free newsletter

You may post your sincere and critical feedback about our website-Kerala Samuhya Padana Vedi.

We never share your information or use it to spam you E-mail : georgejosephthottunkal@gmail.com, Call : (+91) 9497110203