Culture

Culture

Researches, studies, ways of life with regard to our language, beliefs, arts and literature which show solidarity to our own culture originality.

ഭാഷ, വിശ്വാസം, കല, സാഹിത്യം, എന്നിങ്ങനെ കേരളത്തനിമ വിളിച്ചറിയിക്കുന്ന കാര്യങ്ങളെക്കുറിച്ച് പഠനങ്ങള്, ജീവിതരീതികള്.

വാണിജ്യബന്ധങ്ങളിലൂടെ രൂപപ്പെട്ട മലയാളഭാഷ

ലേഖനം തയ്യാറാക്കിയത്


പി.എസ്. മാത്യു
ആലപ്പുഴ
സമർപ്പണം

മലയാള ഭാഷയെ സ്നേഹിക്കുന്നവർക്ക്
വാണിജ്യബന്ധങ്ങളിലൂടെ രൂപപ്പെട്ട മലയാളഭാഷ
തമിഴ് തായമൊഴിയില് നിന്നും മലയാള ഭാഷയിലേക്കുള്ള രൂപപരിണാമത്തിന് മാധ്യമമായി വര്ത്തിച്ചത് മദ്ധ്യപൗരസ്ത്യ ദേശങ്ങളുമായി കേരള തീരത്തിനുണ്ടായിരുന്ന വ്യാപാര സമ്പര്ക്കങ്ങളായിരുന്നു. ദ്രാവിഡഭാഷാ ഗോത്രത്തിലെ മലയാളത്തനിമ അതിന്റെ സൃഷ്ടിയുമാണ്. ഒരൊറ്റ ഭാഷാ ഗോത്രമായി പുലര്ന്നിരുന്ന വിദ്ധ്യന്റെ തെക്കുള്ള വലിയ കരവിഭാഗത്തില് സമ്പര്ക്ക മാധ്യമമായി രൂപപ്പെട്ടുവെന്ന തമിഴ് മൊഴിക്ക് സ്വഭാവികമായും നിരവധി രൂപഭേദങ്ങളും നിലനില്ക്കുകയോ, കാലാകാലങ്ങളില് രൂപമെടുക്കുകയോ ഉണ്ടായിട്ടുണ്ട്. പ്രദേശപരമായ ബാഹ്യസാഹചര്യങ്ങളുടെ കൂടി ഫലമായി ഈ മൊഴി നാലോ അഞ്ചോ പ്രധാന മൊഴിവിഭാഗങ്ങളടക്കം നിരവധി വ്യവഹാരമൊഴികളായി വ്യക്തിത്വം കൈവരിച്ചുവെങ്കിലും മൂലപദങ്ങള് ഇവക്കെല്ലാം പൊതുവായി തന്നെ തുടരുന്നു. ഇതുപോലെ തന്നെ പൊതുവായി പിന്പറ്റിയിരിക്കാവുന്ന ഒന്നാണ് തമിഴ് ആണ്ടുമാസ കാലഗണന. ചരിത്രത്തിന്റെ ഓരോ കാലഘട്ടത്തിലെ പ്രൗഢിയുടെ ശാശ്വതസ്മരണ ആയിരിക്കാം ഇങ്ങനെയൊരു കാലഗണനയുടെ പ്രയോഗത്തിലും പ്രചാരത്തിലും കൂടി, അതിന്റെ പിന്നില് പ്രവര്ത്തിച്ച ശക്തികള് ലക്ഷ്യമിട്ടിരുന്നത്. വിശാല തമിഴകം എന്ന് തമിഴ് പണ്ഡിതന്മാര് വിവക്ഷിക്കുന്ന ദ്രാവിഡ വന്കരയില് പൊതുവായി ഈ കാലഗണന ഒരു കാലത്ത് നിലനിന്നിരുന്നു എന്നുള്ളത് നിഷേധിക്കാനാവില്ല. കാലാന്തരത്തില് മലയാളക്കരയ്ക്ക് കൊല്ലവര്ഷമെന്നപോലെ തെലുങ്ക് കന്നട ഭാഷാസമൂഹങ്ങള്ക്കും അവരവരുടെ പ്രദേശ കാലഗണന പ്രയോഗത്തില് വന്നുവെങ്കിലും ഇവയെല്ലാം ഗണനാശൈലിയില് ഒരൊറ്റ റൂട്ടാണ് പിന്തുടരുന്നത് എന്ന് കാണാന് കഴിയും. തമിഴ് ആണ്ടുപിറപ്പ് ഈ ഭാഷാവിഭാഗങ്ങള്ക്കെല്ലാം പൊതുവായി ഒരു വിശേഷദിവസവുമാണ്. തരിസാപ്പള്ളി ശാസനം എന്ന വിഖ്യാത അവകാശ പത്രമായ ചെമ്പുപട്ടയത്തില്കൂടി ചരിത്രത്തില് സ്ഥിരപ്രതിഷ്ഠ നേടിയ കൊല്ലം നഗരത്തിന്റെ സൃഷ്ടിയില് കൂടി മലയാളക്കരയിലെ മറ്റ് നാട്ടുവഴികളെ അപേക്ഷിച്ച് തനിക്ക് കൈവന്ന തിളക്കമേറിയ പ്രൗഢിയുടെ സ്മരണ നിലനിര്ത്തുക ആയിരുന്നുവല്ലോ പുതിയൊരു വര്ഷത്തിന്റെ (കൊല്ലവര്ഷത്തിന്റെ) സ്ഥാപനത്തില് കൂടി അന്നത്തെ കൊല്ലം രാജാവ് ഉദ്ദേശിച്ചിരുന്നത്. ഒരു പള്ളിയുടെ കച്ചവടസങ്കേതവും സ്വതന്ത്രഅധികാരത്തോടെ സ്ഥാപിച്ച പരിപാലിക്കുവാന് ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും ഉള്ള കാലത്തോളം അധികാരം നല്കുന്ന ഈ പട്ടയത്തില് പ്രസ്തുത കച്ചവട സമൂഹത്തിന്റെ വരുതിയിന് കീഴിലേക്ക് വിട്ടുകൊടുക്കുന്ന വിശാലമായ ഭൂപ്രദേശത്തിന്റെ പടിഞ്ഞാറ് അറബിക്കടല് മുതലുള്ള മറ്റ് മൂന്ന് അതിരുകളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശത്താണ് അവര് കൊല്ലം നഗരം എന്ന അക്കാലത്തെ ഏറ്റവും സമ്പന്നമായ നഗരം പണിതുയര്ത്തിയത്. പ്രൗഢിക്ക് മറ്റുകാരണം ആവശ്യമില്ലല്ലോ? തമിഴിലെ ആവണി മാസത്തിന് ചിങ്ങമാസമെന്ന് പുതിയ പേര് നല്കി ആണ്ടിലെ ഒന്നാം മാസമാക്കിയതൊഴിച്ചാല് മുന്ഗാമിയായ തമിഴ് കാലഗണനയുടെ ശരിപകര്പ്പുതന്നയാണ് കൊല്ലവര്ഷം.

മലയാല ഭാഷ രൂപമെടുക്കുന്നു

സഹ്യനു കീഴക്ക് പ്രതാപൈശ്വര്യങ്ങള് പ്രകടമാക്കുന്ന ചേര-ചോള-പാണ്ഡ്യ രാജാസ്ഥാനങ്ങള് വാഴ്ച്ച നടത്തിയിരുന്ന പുരാതന കാലഘട്ടത്തില് ഭൂമിശാസ്ത്രപരമായ കാരണങ്ങള് മറുവശമായ കേരള പ്രദേശം അവയെ എല്ലാംകാള് ഒരായിരം വര്ഷം പിന്നില് പുലരാനാണ് വിധിക്കപ്പെട്ടത്. എന്നിരുന്നാലും അതെ ഭൂമി ശാസ്ത്രപരിസ്ഥിതി തന്നെ കേരളത്തിന്റെ പടിഞ്ഞാറെ കടല്ത്തീരത്ത് നിരവധി തുറമുഖങ്ങളുടെ സൃഷ്ടിക്ക് കളമൊരുക്കി എന്നുള്ളത് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്.

പേര്ഷ്യ-മെസപ്പൊട്ടോമിയ-ഈജിപ്ത്- പാലസ്തീന് സാംസ്കാര കേന്ദ്രങ്ങളുമായുള്ള സ്ഥിരമായ വാണിജ്യ ബന്ധത്തിന് ഇത് വേദിയൊരുക്കി. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ വിദൂരപശ്ചിമ തുറമുഖങ്ങളുമായി കൊടുക്കല്-വാങ്ങല് ബന്ധം പുലര്ത്തിയിരുന്ന ഈ സങ്കേതങ്ങള് സാംസ്കാരിക വിനിമയത്തിന്റെയും വേദിയായി പരിണമിച്ചത് സ്വഭാവികം മാത്രം. വാണിജ്യ വാതങ്ങളെ മുഖ്യമായും ആശ്രയിച്ചുകൊണ്ട് നടന്നിരുന്ന കപ്പല് ഗതാഗതം, വാണിജ്യ-പ്രതിവാണിജ്യ വാതങ്ങളുടെ പരിധിയില്പ്പെടുന്ന സങ്കേതങ്ങളില് കേന്ദ്രീകരിച്ചിരുന്നുവെന്നും സ്വാഭാവികമായി തന്നെ ധരിക്കേണ്ടിവരുന്നു. കാറ്റിന്റെ സഹായത്തോടെ കേരള തുറമുഖങ്ങളില് എത്തിച്ചേരുന്ന പായ്ക്കപ്പലുകള് കാറ്റ് എതിര്ദിശയിലേക്ക് ആഞ്ഞടിക്കുന്ന പ്രതിവാണിജ്യവാത കാലംവരെ മലയാള തുറമുഖങ്ങളില് തങ്ങുന്നു. മാസങ്ങള് നീണ്ടുനില്ക്കുന്ന ഈ ദശാസന്ധി, പ്രതിവര്ഷമുള്ള കച്ചവട കൈമാറ്റ പ്രക്രിയയ്ക്കെന്ന പോലെ സാംസ്കാരിക വിനിമയത്തിനും അവസരമൊരുക്കയിരിക്കണം. ക്രിസ്തുവര്ഷത്തിന് മുന്പ് തന്നെ തുടങ്ങിയിരിക്കാവുന്ന ഈ വിനിമയവും സമ്പര്ക്കവും ക്രിസ്തുവര്ഷം ഒന്നോ രണ്ടോ നൂറ്റാണ്ടുകള്ക്ക് ശേഷമെങ്കിലും മതാചാരപരമായ സമ്പര്ക്കമായി കുടി മാറിയിക്കാം എന്ന് സംശയിക്കുന്നതിന് തെളിവുകള് ഏറെയാണ്. തുടരെത്തുടരെ ഉണ്ടായ ഈ മാറ്റം എ.ഡി. നാലാം നൂറ്റാണ്ടോടുകൂടി ശക്തിയിത്തീര്ന്നുവെന്നും കാണാം. നാലാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതല് ഏഴാം നൂറ്റാണ്ടിന്റെ അന്ത്യത്തില് അറബികള് ആക്രമണത്തില് കൂടി അധികാരം കൈക്കലാക്കുന്നതുവരെ മദ്ധ്യ പൗരസ്ത്യ ദേശമപ്പാടെ- പാലസ്തീന് മാത്രം കഷ്ടിച്ച് മറിച്ച് ചിന്തിച്ചിരിക്കാം. അവിടെ യഹൂദമതം ഭാഗികമായെങ്കിലും തുടര്ന്നിരുന്നു- ക്രിസ്ത്യന് രാജ്യങ്ങളായിരുന്നു. സുറിയാനി ഭാഷ അവരുടെയെല്ലാം മതഭാഷയും പൊതു മാദ്ധ്യമവുമായിത്തീര്ന്നതു പോലെ കേരളമുള്പ്പടെയുള്ള പടിഞ്ഞാറന് തുറമുഖങ്ങളുടേയെല്ലാം (ഗുജറാത്തിനപ്പുറം വരെ) വാണിജ്യ മാദ്ധ്യമമായി തീര്ന്നു. തമിഴ്നാടിന്റെ, സഹ്യന് ഇപ്പുറമുള്ള ഈ ജനതയുടെ അടിസ്ഥാന മൊഴിയില് പേര്ഷ്യന് മുതല് സുറിയാനി വരെയുള്ള ഭാഷാപദങ്ങള് കടന്നുകൂടുക മാത്രമല്ല തികച്ചും പുതിയൊരു ഭാഷയായി, മലയാളമായി രൂപാന്തരം പ്രാപിക്കുവാന് വരെ ഇത് കാരണമായി. പ്രസിദ്ധ ഭാഷാഗവേഷകന് റവ. റോബര്ട്ട് കാള്ഡ് വെല് തന്റെ ദ്രാവിഡ ഭാഷാ വ്യാകരണം എന്ന ഗ്രന്ഥത്തില് സുറിയാനി പദങ്ങളുമായി സമ്പര്ക്കമുള്ളതോ പൂര്ണ്ണമായി അതില് നിന്ന് രൂപപ്പെട്ടതോ ആയ നൂറുകണക്കിന് പദങ്ങള് തമിഴ്, സുറിയാനി, ഹീബ്രു (സുറിയാനിയുടെ മൂല ഭാഷ) അറബി എന്നീ ഭാഷകളിലെ പദങ്ങളുമായുലഌരൂപസാദൃശ്യവും പൂര്ണ്ണമായ രൂപഭേദവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ് വ്യാകരണത്തില് നിന്നും, ലയാള (ആദ്യം മലയാം തമിഴ്, പിന്നെ മലയാഴ്മ, തുടര്ന്ന് മലയാളം) വ്യാകരണത്തിന് വന്ന മാറ്റം കൃത്യമായി അപഗ്രഥിച്ചിട്ടുണ്ട്. (തര്ജമ - ഡോ. എസ്.കെ. നായര്)

ഈ മാറ്റം കേരളത്തിന്റെ തെക്കേയറ്റം മുതല് വടക്കേയറ്റം വരെ ഒരേ രൂപത്തില് ആയിരിക്കണമെന്നില്ല. എന്നിരുന്നാലും വിരുന്നു വന്ന നൂതന പദങ്ങളുടെ ഐക്യത്താല് ഈ പുതിയമൊഴി പൊതുവായ ഒന്നായി മാറിക്കൊണ്ടാണിരിക്കുന്നത്. ഈ രൂപാന്തരം കച്ചവട സമൂഹത്തില് നിന്നും വിഭവസമാഹരണത്തിന് അവര് ഉള്നാടുകളില് സ്ഥാപിച്ച അങ്ങാടികളിലേയ്ക്കും, അവിടെ നിന്നും വനാന്തരങ്ങളിലെ ഉല്പാദനമേഖലകള് വരെയും മന്ദംമന്ദം കടന്നു ചെല്ലുകയായിരുന്നു. പ്രധാന നദികളും ഉപനദികളും അടക്കം നാല്പ്പതില്പ്പരം നദികളും ഈ നദികളായില് വിഭജിക്കപ്പെട്ട നാല്പ്പതല്പ്പരം നാടുകളും നാടുവാഴികളുമുണ്ടായിരുന്ന അന്നത്തെ കേരളത്തില് ഭരണാധികാരികള് ഇതിനെല്ലാം വെറും മുകസാക്ഷികള് മാത്രമായിരിക്കാനേ വഴിയുള്ളൂ. കേരളം പുരോഗതിയിലേക്ക് കാലെടുത്ത് കുത്താന് ആരംഭിച്ചുവെന്ന ധാരണ സൃഷ്ടിച്ച ആ കാലഘട്ടത്തിലാവണം കര്ണ്ണാടകവും തുളുനാടും കടന്ന് ബ്രാഹ്മണരുടെ കടന്നുകയറ്റം നമ്മുടെ ഗ്രാമാന്തരീക്ഷങ്ങളെ ഫ്യൂഡലിസത്തിന്റെ കരാളഹസ്തങ്ങളുടെ പിടിയിലാക്കിയതും; അവര് സായുധരായിരുന്നു. കിരാതമായ കടന്നാക്രമണം ആയിരുന്നു അവരുടെ ശൈലി എന്ന് ചരിത്ര ഗവേഷകന്മാര് ചൂണ്ടിക്കാട്ടുന്നു. ഈ കടന്നു കയറ്റക്കാര് നമ്പൂതിരി എന്ന ഒരു യജമാനവര്ഗ്ഗത്തെ മലയാള ഗ്രാമത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചു. വടക്കേ ഇന്ത്യയിലെ ഗ്രാമവ്യവസ്ഥയുടെ ഒരു മലയാളപതിപ്പ് അവരിവിടെ സംവിധാനം ചെയ്യുകയും വര്ഗങ്ങളെ തമ്മില് അതിര്രേഖ ചമച്ച് വേര്തിരിച്ച് അയിത്തവും മര്ദ്ദനവും വരിഞ്ഞു മുറുക്കലും കൊണ്ട് ഭിന്നിപ്പിക്കുകയും ചെയ്തു. അവരുടെ മതഭാഷയായ സംസ്കൃതത്തില് നിന്നും ആഢ്യന് പദങ്ങള് മലയാളത്തില് കടന്നുകൂടുന്നത് ഇവിടെ മുതലാണ്. കേരളത്തിന്റെ പോരാളി സമൂഹത്തിന്റെ ആത്മബലം എന്നന്നേക്കുമായി നശിപ്പിക്കുവാന് ഉന്നമിട്ടുകൊണ്ട് അവരുടെ കിടപ്പറകള് വരെ അവര് കൈയ്യേറി. പ്രബലമായി ഒരു ചരിത്ര നിഗമനം അനുസരിച്ച് നമ്പൂതിരി സമുദായം എന്ന പുത്തന് വൈദികജാതി തന്നെ കടന്നു കയറ്റക്കാരായ കര്ണ്ണാടക ബ്രഹ്മണരുടെ നിര്ബന്ധിത ലൈംഗിക വേഴ്ചയടക്കമുള്ള കീഴടങ്ങലിന്റെ സന്തതി സമൂഹമായിരിക്കണം. റഷ്യനതിര്ത്തിയിലെ കൊസാക്കുകള് എന്ന വര്ഗ്ഗം ഈ നിമനത്തിന് ഉപോത്ബലകമാണെന്നും കാണാം. കേരളത്തിലെ ഏറ്റവും ഉന്നതിയില് നിലനിന്നിരുന്ന ഗോത്രത്തെ ആവണം ഇങ്ങനെ അവര് കീഴ്പ്പെടുത്തിയിരക്കാവുന്നത്. തുറമുഖ നഗരങ്ങളില് വാണിജ്യത്തിന്റെ സര്വ്വാധിപതികളായി വാണിരുന്ന സമൂഹത്തിന്റെ ഗ്രാമീണ സാന്നിദ്ധ്യത്തില് നിന്നുമാകണം ഈ പുത്തന് ഫ്യൂഡല് ജന്മിവര്ഗ്ഗത്തെ അവര് വാര്ത്തെടുത്തത്. തങ്ങളും നമ്പൂതിരിമാരും ഒരൊറ്റ വര്ഗ്ഗമാണെന്നുള്ള സിറിയന് ക്രിസ്ത്യന് സമൂഹത്തിന്റെ ശക്തമായ അവകാശവാദത്തെ ഇത്തരത്തില് പരിഗണിക്കുന്നതായിരിക്കും ഏറെ ഉത്തമം. നമ്പൂതിരി മാര്ഗ്ഗം കൂടി എന്ന അവകാശവാദത്തേക്കാള് തങ്ങളില് ഒരു വിലയ വിഭാഗം നമ്പൂതിരിയായി മാറ്റപ്പെട്ടു എന്ന് ചിന്തിക്കുന്നതാണ് ചരിത്രസത്യത്തോട് നീതി പുലര്ത്തുവാന് ഏറെ നന്ന്. നമ്പൂതിരിക്കും സുറിയാനി ക്രിസ്ത്യാനികള്ക്കും അടിസ്ഥാന ആചാരങ്ങളില് നിലനിന്നിരുന്ന സാമ്യം അങ്ങോട്ടാണ് വിരല്ച്ചചുണ്ടുന്നത്. ഒരു ആയിരം വര്ഷമെങ്കിലും സജീവമായിരുന്ന നമ്പൂതിരിവാഴ്ച്ചക്കാലവും കേരളത്തിലെ സമസ്തജാതിക്കാരിലേയ്ക്കും ഉള്വലിഞ്ഞ നമ്പൂരിത്തവും ദേശീയ-വിപ്ലവ സംഘടനകളെല്ലാം തന്നെ അതില് നിന്നും ആവേശം ഉള്ക്കൊള്ളുന്ന ആധുനിക കാലഘട്ടവും നമ്മുടെ നേരിട്ടുള്ള പരിചിന്തനത്തിന് തുറന്നു കിടക്കുന്നതിനാല് ഞാനിവിടെ വിമരിക്കുന്നു.


ആധുനിക കാലഘട്ടം

പോര്ട്ടുഗീസുകാരുടെ വരവോടെയാണല്ലോ പാശ്ചാത്യ കച്ചവടസമൂഹം ആദ്യം കേരളത്തിലും അവിടെ നിന്ന് അങ്ങോട്ട് ഇന്ത്യയുടെ വടക്കേയറ്റം വരെയും വ്യാപാര അധിപത്യം ഉറപ്പിക്കുന്നത്. ഇതിന്റെ ചരിത്രപരമായ വശം എന്തുതന്നെയായാലും മലയാളഭാഷയുടെ ആധുനികത ഈ സമ്പര്ക്കത്തെയാണ് ഏറെ ആശ്രയിക്കുന്നത്. അച്ചടി ആരംഭിച്ചതില് കൂടി അക്ഷരവിദ്യ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില് വരെ എത്തിച്ചേരാന് ഈ സമ്പര്ക്കം വഴിതെളിച്ചു. മലയാള ഭാഷയുടെ നിരവധിരൂപഭാവങ്ങള് തമ്മിലുള്ള വൈവിദ്ധ്യങ്ങള്, വൈപരീത്യങ്ങള്, പരിഹരിച്ച് കന്യാകുമാരി മുതല് കാസര്ഗോഡ് വരെയുള്ള കേരള സമൂഹത്തിന് പൊതുവേ ഉള്ക്കൊള്ളാനാവും വിധം ഭാഷയെ രൂപപ്പെടുത്തുന്നതില് ഗുണ്ടര്ട്ട് എന്ന പാശ്ചാത്യമിഷനറി വഹിച്ച പങ്ക് അവഗണിക്കാനാകുമോ? തലശ്ശേരി കേന്ദ്രീകരിച്ച് ഒരു അച്ചടിശാല(സ്ഥാപിതം) സ്ഥാപിച്ച് അച്ചടി ഇവിടെ ആരംഭിക്കുന്നതിന് എത്രയോ മുമ്പ് മലയാള അക്ഷരങ്ങളും പദങ്ങളും വാചകങ്ങളും കല്ലച്ചില് കൊത്തി റോമിലും ജര്മനിയിലും മറ്റുമായി അച്ചടിച്ച് അവ മലയാളക്കരയിലെ സമസ്ത ജാതിസമൂഹങ്ങള്ക്കുമായി എത്തിച്ചുകൊടുത്ത സേവനത്തെയും ഈ വ്യാപാരസമ്പര്ക്കത്തിന്റെ പരിണിത ഫലമായാണ് നാം ഇവിടെ വലിയിരുത്തുക.

ചരിത്രാതീതകാലത്തെ വാണിജ്യ ബന്ധങ്ങളില് തുടങ്ങി, പതിനഞ്ചാം നൂറ്റാണ്ടില് ആരംഭിച്ച ഇരുപതാം നൂറ്റാണ്ടുവരെ നീണ്ടുനിന്ന പാശ്ചാത്യ ആധിപത്യം വരെയും എത്തിനില്ക്കുന്ന കേരളചരിത്രത്തില് മാറ്റങ്ങളുടെയെല്ലാം മുഖ്യസ്വാധീനശക്തി. അത് നന്മയ്ക്കോ തിന്മയ്ക്കോ ആയിക്കൊള്ളട്ടെ - വാണിജ്യ ബന്ധങ്ങളാണ് എന്നു നാം അത്ഭുതത്തോടെ ഓര്ക്കുന്നു.

Get our Free newsletter

You may post your sincere and critical feedback about our website-Kerala Samuhya Padana Vedi.

We never share your information or use it to spam you E-mail : georgejosephthottunkal@gmail.com, Call : (+91) 9497110203