Events

Events

Incidents that influenced Kerala History. For example, tragedies, when, where, its flow, culmination all there can be written.

കേരളചരിത്രത്തെ സ്വാധീനിച്ച സംഭവങ്ങൾ, ദുരന്തങ്ങൾ എന്ന്, എപ്പോള് എവിടെനടന്നു, അതിന്റെ ഗതി,അന്ത്യം, ചരിത്രസ്വാധീനം, ഇടപെട്ടവ്യക്തികൾ എന്നിവയെക്കുറിച്ച്.

കളിവള്ളങ്ങൾ ചരിത്രത്തിലൂടെ...

ലേഖനം തയ്യാറാക്കിയത്


പി.എസ്. മാത്യു
ആലപ്പുഴ
സമർപ്പണം

പൊതുപ്രവർത്തകർക്ക്
കളിവള്ളങ്ങൾ ചരിത്രത്തിലൂടെ...
ആറു പതിറ്റാണ്ടുകള്ക്ക് മുമ്പുള്ള കേരളത്തിന്റെ രാഷ്ട്രീയഘടനയെപ്പറ്റി നമുക്ക് കൃത്യമായ ധാരണയുണ്ട്. തിരുവിതാംകൂര് എന്ന താരതമ്യേന വലിയ നാട്ടുരാജ്യവും, തൊട്ടടുത്ത് കൊച്ചി എന്ന കൊച്ചുരാജ്യവും, അതിനും വടക്ക്, അന്നത്തെ മദ്രാസ് പ്രോവിന്സിന്റെ ഭാഗമായ മലബാര് ജില്ലയും. എന്നാല്, ആറ് നൂറ്റാണ്ടിനുമുമ്പുള്ള കേരളത്തെപ്പറ്റി നമ്മുടെ അറിവില് തെളിഞ്ഞുവരുന്ന ചിത്രം തുലോം വ്യത്യസ്തമാണ്. നദികളും, ഉപനദികളും കായലുകളും സ്ഥിരം അതിരുകളായുള്ള നാല്പ്പതില്പ്പരം രാജ്യങ്ങള്; അവകളുടെ നാല്പ്പതില്പ്പരം രാജസ്ഥാനങ്ങള്! ഏതെങ്കിലുമൊരു നദിയുടെ ഇരുകരകളെ കൂട്ടിയോജിപ്പിക്കുന്ന പാലം എന്ന സംവിധാനം (അന്നത്തെ നിലയില് ഒരു മഹാത്ഭുതമാണത്) ആദ്യമായി മലയാളക്കരയിലുണ്ടാകുന്നത് കേവലം മുന്നൂറിന് താഴെ വര്ഷങ്ങള്ക്ക് മുമ്പ് മാത്രമാണെന്നോര്ക്കുക! നദികളുടെയും കായലുകളുടെയും ഇരുകരകളിലെ നിവാസികള് ഇരുരാജ്യങ്ങളിലെ പ്രജകളാണ്! യുദ്ധം രാജധര്മ്മവുമാണ്; ഈ പൗരജനങ്ങള്ക്കും!!!
അക്കാലഘട്ടത്തില് ഈ രാജസ്ഥാനങ്ങള് തമ്മില് നടന്നിരിക്കാവുന്ന യുദ്ധങ്ങളെപ്പറ്റി കൗതുകപൂര്വ്വം സങ്കല്പ്പിച്ചുകൊണ്ട്, ഇപ്പോള് കളിവള്ളങ്ങളായി, നമ്മുടെ അഭിമാനഭാജനങ്ങളായി, പരിലസിക്കുന്ന പഴയ യുദ്ധവള്ളങ്ങളുടെ ചരിത്രത്തിലേക്ക് മനസ്സുകൊണ്ട് ഒരു വിനോദയാത്ര നടത്തുകയാണിവിടെ.
ഭൂപ്രകൃതിയുടെ പ്രത്യേകതകള്ക്കൊണ്ട് നിരവധി തുരുത്തുകളിലായി വിഭജിക്കപ്പെട്ടിരുന്ന പൗരാണിക കേരളത്തിലേയ്ക്ക് ക്രിസ്തുവര്ഷം ഏഴും എട്ടും നൂറ്റാണ്ടുകളായി ഫ്യൂഡലിസം ആധിപത്യസ്വഭാവത്തോടുകൂടി കടന്നുവരികയായിരുന്നു എന്നാണ്, വ്യക്തീയ ചരിത്രരേഖകള് വിരളമാണെങ്കിലും, സാഹചര്യത്തെളിവുകള്ക്കൊണ്ട് കണ്ടെത്തുവാന് കഴിയുന്നത്. ചെറിയ ചെറിയ രാജ്യങ്ങള് - ഒരു നദിയോ ഉപനദിയോ കായലോ, ചിലപ്പോള് തോടുകളോ മൊട്ടക്കുന്നുകളോ ഒക്കെ ആയിരിക്കും രാജ്യതിര്ത്തികള്! വിഭവദാരിദ്ര്യം, ആഗ്രഹദാരിദ്ര്യം, ആശയദാരിദ്ര്യം - ഇതിന്റെയൊക്കെ ഫലമായുണ്ടായിരുന്ന ദയനീയമായ പ്രാകൃതാവസ്ഥയ്ക്ക് മേലാണ് ഫ്യൂഡല് ജന്മിത്വവും അടിമ-മേലാള ജാതികളും മറ്റൊരുതരം അതിര്വരമ്പുകള് സൃഷ്ടിച്ചത്. ആണ്-പെണ് ഭേദം കൂടാതെ അടിമയ്ക്കും യജമാനനും ഒറ്റമുണ്ടുകൊണ്ട് വസ്ത്രധാരണം പൂര്ത്തിയാക്കുന്ന അന്നത്തെ കേരളത്തില് ഈ ഒറ്റമുണ്ടുതന്നെ മുട്ടറങ്ങി ഉടുക്കാന് അവകാശമില്ലാത്തവനും, തുണി അലക്കി ഉടുക്കാന് അവകാശമില്ലാത്തവനും, ഇതു രണ്ടിനും അവകാശമുള്ള മേലാളനും - ഇങ്ങനോപോയിരുന്നു അന്നത്തെ തരംതിരിവുകള്! ഇവിടെയാണ് കരയിലും ജലാശയത്തിനും നടന്നിരുന്ന അക്കാലത്തെ യുദ്ധങ്ങളുടെ ദൃശ്യങ്ങള് ഉയര്ന്നുവരുന്നത്.
ജനപഥങ്ങളുടെ വളര്ച്ചയുടെയും തളര്ച്ചയുടെയും ഘട്ടങ്ങളില് യുദ്ധം ഒരു നിര്ണ്ണായക ഘടകമായിത്തീര്ന്നിട്ടുണ്ട്. പലപ്പോഴും. സാമൂഹ്യപരിതസ്ഥിതിയുടെ അനിവാര്യമായ ഒരു പരിണാമമായിത്തന്നെ അതിനെ പരിഗണിക്കുന്നവരുമുണ്ട്. വ്യത്യസ്ത സാംസ്കാരിക പാരമ്പര്യമുള്ള ജനസമൂഹങ്ങള് തമ്മിലുണ്ടാകുന്ന സംഘട്ടനം വിനാശത്തിനെന്നപോലെ പുരോഗതിക്കും കാരണമായിത്തീരാറുണ്ട്. എന്നാല്, ബാഹ്യലോകത്തില് നിന്നും ഒറ്റപ്പെട്ട് നിന്നിരുന്ന പുരാതന കേരളത്തില് യുദ്ധത്തിനും അതിന്റേതായ സവിശേഷത ഉണ്ടായിരുന്നു. സമൂഹങ്ങളോ രാജ്യങ്ങളോ തമ്മിലുള്ള അധികാര മത്സരമെന്നോ സംഘട്ടനമെന്നോ പേരുനല്കി വിളിക്കാനാവാത്ത വിധം ഒരുതരം മത്സരകളിയുടെ സ്വഭാവമായിരുന്നു അവയ്ക്കുണ്ടായിരുന്നത്. ബാഹ്യസമ്പര്ക്കം വിരളമായിരുന്നതുകൊണ്ടാവണം, ഒരു ആയിരം വര്ഷക്കാലമെങ്കിലും, ഈ കളിയുദ്ധ പ്രവണത കേരളക്കരയുടെ ഒരു ഭാഗമായി തുടര്ന്നിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തില് തുടങ്ങി പാശ്ചാത്യശക്തി ഇവിടെ ഒരു നിത്യസാന്നിദ്ധ്യമായി തീര്ന്നതിനുശേഷവും ചുരുങ്ങിയത് ഒരു നൂറ്റാണ്ടുകാലമെങ്കിലും ഈ പ്രവണത തുടര്ന്നും നിലനിന്നിരുന്നുവെന്നതിന് മതിയായ തെളിവുകളുണ്ട്. കേരള ചരിത്രകാരന്മാരില് തികച്ചും ശ്രദ്ധേയനായ പത്മനാഭമേനോന്റെ കൊച്ചി രാജ്യചരിത്രത്തില് നിന്നുള്ളതാണ് ചുവടെ കുറിക്കുന്ന യുദ്ധവര്ണ്ണനകള്.
പടയാളികള് നിറം കയറ്റിയ മുണ്ടും തലയില് ഒരു ഉറുമാലും അല്ലാതെ വേറെ വസ്ത്രം ധരിക്കുന്നില്ലെന്നും മിക്കവാറും നഗ്നന്മാരണെന്നും കാലില് ചെരിപ്പും ഉണ്ടാവില്ലെന്നും കാസ്റ്റര്ഹെഡ് പറയുന്നുണ്ട്. അവര് ശത്രുക്കളെ എതിര്ക്കുന്നത് തീരെ നഗ്നന്മാരായിട്ടാണെന്നും, ഗുഹ്യം മാത്രം മറയ്ക്കുമെന്നും ക്യാപ്റ്റന് നിഹാഫ് പറയുന്നു. പടനിലത്തില് എത്തിയാല് ഇരുഭാഗക്കാരും പോരിന് വിളി തുടങ്ങും. ഇതുകേട്ടായിരിക്കാം കൊത്തോ എന്ന പോര്ട്ടുഗീസുകാരന്, ഹിന്ദുക്കള് പടവെട്ടുന്നത് അധികവും കൈകൊണ്ടല്ല, നാക്കുകൊണ്ടാണ് എന്ന് പറഞ്ഞുകാണുന്നത്. വര്ത്തീമയുടെ വിവരണത്തെ ഇവിടെ ചേര്ക്കാം. രാജാക്കന്മാര് ആനപ്പുറത്ത് കയറിപ്പോകുന്നു (കാല്നടയായി സൈന്യവും) കുതിരകളെ ഉപയോഗിക്കാറില്ല. കൊടിയുടെ സ്ഥാനത്ത് രാജാവ് ഒരു കുട പിടിക്കുന്നു. അതു വളരെ നീളമുള്ള കാലിന്റെ തലയ്ക്കല് പനയോലപൊതിഞ്ഞ് ഉണ്ടാക്കിയിട്ടുള്ളതും രാജാവിന് വെയില് തട്ടാതെ ഇരിക്കുവാനുള്ളതുമാകുന്നു. പടനിലത്ത് എത്തി ഇരുരാജാക്കന്മാരും തമ്മില് രണ്ട് അമ്പ് എയ്ത്തിന്റെ ദൂരത്തിലാകുമ്പോള് രാജാവ് ഒരു ബ്രഹ്മണനെ വിളിച്ച് ഇക്കാര്യം പറയുന്നു. (മറുഭാഗത്തെ) രാജാവിന്റെ കൈനിലയില് പോയി ശത്രുരാജാവിനോട് അദ്ദേഹത്തിന്റെ ആളായ നൂറ് നായന്മാരെ അയയ്ക്കാന് പറയൂ.
മൂന്നുദിവസം വരെ അവര് ഇങ്ങനെ നിന്ന് പൊരുതിയാലും, അവര് ഒരിക്കലും തലയ്ക്കുനേരെ രണ്ടും കാലിന്മേല് ഒന്നും വീതം അടിക്കയോ ഇടിക്കയോ കുത്തുകയോ ചെയ്യുന്നതല്ലാതെ ഒന്നും ്പ്രവര്ത്തിക്കയില്ല. ഓരോ ഭാഗം നാലോ ആറോ ആള് മരിച്ചാല് ഉടന് പൊരുതി നില്ക്കുന്നവരുടെ ഇടയില് ബ്രാഹ്മണര് വന്ന് അവരെ വേര്പെടുത്തി അവരവരുടെ കൈനിലയിലേക്ക് അയയ്ക്കുന്നു. എന്നിട്ട് ഈ ബ്രാഹ്മണന് ഇരുഭാഗത്തെ സൈന്യത്തില് പോയി 'ഇനിയും യുദ്ധം വേണോ' എന്ന് ചോദിക്കും. 'വേണ്ട മതി' എന്ന് രാജാക്കന്മാര് മറുപടി പറയുന്നു. (കൊച്ചി രാജ്യചരിത്രം- പത്മനാഭമേനോന്) ശൃംഗാരാത്മകമായ ഒരുതരം വിരുന്നാണോ പുരാതന കേരളത്തിലെ 'യുദ്ധം' എന്ന് സംശയമുണ്ടാക്കുന്ന ഈ വിവരണം വെറ്റ് വേയില് നിന്നും ഉദ്ധരിച്ച് ചേര്ത്തതാണ്. സൂര്യന് ഉദിച്ചു പൊങ്ങിയതിനുശേഷം പകല് സമയത്ത് മാത്രമേ അവര് പടവെട്ടുകയുള്ളൂ. രാത്രി മുഴുവനും രണ്ടു ഭാഗക്കാരും അല്ലല് കൂടാതെ കിടന്നുറങ്ങുന്നു. നേരം പുലര്ന്ന് സൂര്യോദയമായാല് രണ്ടുകൂട്ടരും കുളത്തിങ്കല് കൂടി കുളി മുതലായ നിത്യവൃത്തികളും സാപ്പാടും കഴിച്ച് മുറുക്കി വെടിയും നേരമ്പോക്കും പറഞ്ഞുകൊണ്ടിരിക്കും. പടഹദ്ധ്വനി കേട്ടയുടനെ അവരവരുടെ കൈനിലയിലേക്ക് പോന്ന് അണിനിരക്കുന്നു (സൈനിക നടപടിയെക്കുറിച്ചുള്ള വൈറ്റ് വേയുടെ വിവരണം.) കരയുദ്ധങ്ങള് പോലെതന്നെ മദ്ധ്യതിരുവിതാംകൂറില് അരങ്ങേറിയിരുന്ന യുദ്ധമാണ് ജലാശയ യുദ്ധങ്ങള്. ഓടിവള്ളങ്ങളാണ് അതിന് ഉപയോഗിച്ചിരുന്നത്. ഒന്നോ രണ്ടോ ഓടിവള്ളങ്ങളില് കൊണ്ടുപോകാനാവുന്ന ആളുകളുടെ സംഖ്യയാണ് ഒരു രാജ്യത്തിന്റെ സൈന്യം എന്നോര്ക്കുക! തുഴച്ചില്ക്കാരായ അടിമകള്ക്ക് ഇതുമായി പുലബന്ധം പോലുമില്ല. ഇരുപതോ മുപ്പതോ പേരില് കൂടുതലാകുകയില്ല ഒരു സൈന്യത്തിന്റെ അംഗബലം എന്നുകൂടി മനസിലാക്കുമ്പോള് യുദ്ധത്തിന്റെ ഗാംഭീര്യം ഊഹിക്കാമല്ലോ. അത്തരം യുദ്ധക്കളികളിലൊരിക്കല് ആവിഷ്ക്കരിക്കപ്പെട്ട സൂപ്പര് ജലയാനമായിട്ടാണ് ചുണ്ടന് വള്ളങ്ങളുടെ ഉദയം. പോര്ട്ടുഗീസ് കാലഘട്ടത്തിന്റെ ഉദയവും, വ്യവസ്ഥാപിക സൈന്യത്തിന്റെ ആവിഷ്ക്കാരവും, വെടിമരുന്നിന്റെ ഉപയോഗവും, ഒക്കെക്കൂടി ചേര്ന്നപ്പോള് ഈ പഴയ യുദ്ധവാഹനങ്ങള് 'വള്ളപ്പുര'കളിയേക്ക് തള്ളപ്പെടുകയായിരുന്നു. പില്ക്കാലത്തായിരിക്കണം അതിനൊരു സ്ഥിരമായ ഉപയോഗമുണ്ടായത്. വള്ളംകളി!!! മദ്ധ്യതിരുവിതാംകൂറിന്റെ സവിശേഷതകളായിത്തീര്ന്ന നമ്മുടെ വള്ളംകളി!!! ചമ്പക്കുളം എന്ന സംസ്കാരസമ്പന്നമായ കാര്ഷിക ഗ്രാമത്തില് നിന്നുമാണ് തുടക്കം! ജാതിവ്യവസ്ഥയുടെ അഭംഗി നില്നില്ക്കെതന്നെ മതമൈത്രിയുടെ സൗന്ദര്യം പുരാതന കേരളത്തിന്റെ മുഖമുദ്രയായിരുന്നുവല്ലോ? ഈ സവിശേഷതയുടെ ചരിത്രസാക്ഷ്യം കൂടിയാണ് ചമ്പക്കുളത്തിന്റെ സംഭാവനയായ മൂലം വള്ളംകളി. വര്ഷങ്ങള് കടന്നുപോയതിനൊപ്പം മദ്ധ്യകേരളത്തിന്റെ നദികളിലും ഉപനദികളിലും എന്നവേണ്ട, തോടുകളിലും ഇടത്തോടുകളിലും വരെ അതിന് പിന്ഗാമികളുണ്ടായി. ഇടനാടിനും തീരപ്രദേശത്തിനുമിടയിലും ജലോന്മുഖ ജനവാസ കേന്ദ്രങ്ങളിടെ ഉത്സവാഘോഷങ്ങളുടെയെല്ലാം അനുബന്ധങ്ങളാണ് ജലയാനങ്ങള്. പലപ്പോഴും ജലോത്സവങ്ങള്. എന്നാല് ആലപ്പുഴ നഗരത്തെ തൊട്ടുരുമ്മിയ സാന്നിദ്ധ്യമായ, അലപ്പുഴയുടെ ഭാഗം തന്നെയായ, പുന്നമടക്കായലില് വര്ഷത്തിലൊരിക്കല്, ആഗസ്റ്റ്് മാസത്തില് അരങ്ങേറുന്ന നെഹ്റുട്രോഫി വള്ളംകളി വിദേശരാജ്യങ്ങളിലെല്ലാം പ്രശസ്തി കൈവരിച്ച ഒരു സാര്വ്വദേശീയ ആകര്ഷണമായിത്തീര്ന്നിരിക്കുന്നു. പഴയ ജലയുദ്ധങ്ങളുടെ ആത്മാവ് ആവാഹിക്കപ്പെട്ടുവോ എന്ന് സംശയമുണര്ത്തുന്നവിധം സംവിധാനം ചെയ്യപ്പെട്ടുവെങ്കിലും അതിന്റെ കൂടി ഫലമായി മത്സരം ചിലപ്പോഴെങ്കിലും കൈയ്യാങ്കളിയിലേയ്ക്ക് വഴുതി വീണു പോയിരിക്കാമെങ്കിലും മതം അല്ലെങ്കില് വര്ഗ്ഗീയത ഒരിക്കല്പ്പോലും അതിന്റെയൊന്നും പരിസരത്തുപോലും കടന്നുചെന്നിരുന്നില്ല എന്നുള്ളത് നാം മലയാളികള്ക്ക് ഏറെ അഭിമാനകരമാണ്.

Get our Free newsletter

You may post your sincere and critical feedback about our website-Kerala Samuhya Padana Vedi.

We never share your information or use it to spam you E-mail : georgejosephthottunkal@gmail.com, Call : (+91) 9497110203